കോളെജില്‍ ഇംഗ്ലീഷ് മാത്രം സംസാരിച്ചാല്‍ മതിയെന്ന് ഇ-മെയില്‍; പ്രൊഫസറുടെ ജോലി തെറിച്ചു

'ദയവ് ചെയ്ത് കോളെജിലെ പൊതുസ്ഥലങ്ങളില്‍ നിങ്ങള്‍ ചൈനീസ് സംസാരിക്കരുത്. അപ്രതീക്ഷിതമായ ദുരനുഭവങ്ങള്‍ ഉണ്ടായേക്കും. പരമാവധി ഇംഗ്ലീഷില്‍ സംസാരിക്കണമെന്നും നീല്‍ ഇ- മെയില്‍
കോളെജില്‍ ഇംഗ്ലീഷ് മാത്രം സംസാരിച്ചാല്‍ മതിയെന്ന് ഇ-മെയില്‍; പ്രൊഫസറുടെ ജോലി തെറിച്ചു

ന്യൂയോര്‍ക്ക് : കോളെജ് പരിസരങ്ങളില്‍ ഇംഗ്ലീഷ് മാത്രം ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഇ- മെയില്‍ സന്ദേശമയച്ച പ്രൊഫസറെ സര്‍വകലാശാല പുറത്താക്കി. നോര്‍ത്ത് കരോലിനയിലെ ഡ്യൂക്ക് സര്‍വകലാശാല പ്രൊഫസറായിരുന്ന മേഗന്‍ നീലിന്റെ ജോലിയാണ് നഷ്ടമായത്. മാസ്റ്റര്‍ ഓഫ് ബയോ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയായിരുന്നു നീല്‍.  ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കോളെജ് പരിസരങ്ങളില്‍ സ്വന്തം ഭാഷ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് 'ദയവ് ചെയ്ത് കോളെജിലെ പൊതുസ്ഥലങ്ങളില്‍ നിങ്ങള്‍ ചൈനീസ് സംസാരിക്കരുത്. അപ്രതീക്ഷിതമായ ദുരനുഭവങ്ങള്‍ ഉണ്ടായേക്കും. പരമാവധി ഇംഗ്ലീഷില്‍ സംസാരിക്കണമെന്നും നീല്‍ ഇ- മെയില്‍ അയച്ചത്.

പൊതു സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉറച്ച  ശബ്ദത്തില്‍ ചൈനീസ് ഭാഷ സംസാരിക്കുന്നുവെന്നും ഇംഗ്ലീഷ് പഠിക്കാനുള്ള ശ്രമം പലരും നടത്തുന്നില്ലെന്നും മറ്റുള്ള രണ്ട് അധ്യാപകര്‍ പരാതിപ്പെട്ടതായും. ചൈനീസ് സംസാരിക്കുന്നവരുടെ പേര് വിവരങ്ങള്‍ ആവശ്യപ്പെട്ടതായും നീല്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത്  ഇന്റേണല്‍ മാര്‍ക്കുകളിലും സ്‌കോളര്‍ഷിപ്പിലും പ്രതിഫലിക്കാനിടയുണ്ടെന്ന മുന്നറിയിപ്പും നീല്‍ നല്‍കുന്നു. ഇത്തരം വിവേചനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഇരയാവുന്നത് സങ്കടകരമാണെന്നും അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ഇ- മെയിലില്‍ അവര്‍ വ്യക്തമാക്കി.

എന്നാല്‍ നീല്‍ വിചാരിച്ചയിടത്ത് കാര്യങ്ങള്‍ നിന്നില്ല. വിദ്യാര്‍ത്ഥികള്‍ പ്രൊഫസറുടെ ഇ-മെയില്‍ സന്ദേശം ട്വിറ്ററുള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ എഴുതി. നിമിഷങ്ങള്‍ക്കുള്ളില്‍ വിവരം ചൈനയിലെത്തി. വൈറലായി മാറിയ ഇ-മെയില്‍ സന്ദേശം അന്താരാഷ്ട്ര ബന്ധം വരെ ഉലയ്ക്കുമെന്നായതോടെ പ്രൊഫസറെ പുറത്താക്കുകയായിരുന്നു. വംശീയ അധിക്ഷേപം നീലിന്റെ വാക്കുകളില്‍ ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട് . എന്നാല്‍ വിദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന കോഴ്‌സിന്റെ തലപ്പത്തുള്ളയാള്‍ ഒരിക്കലും വംശീയവാദിയാവില്ലെന്നും വാദം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com