18 വെടിയുണ്ടകൾ; ‍ഭാര്യയടക്കം നാല് പേരെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്; പ്രതി പിടിയിൽ

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ​ഗുർപ്രീത് അറസ്റ്റിലാകുന്നത്
18 വെടിയുണ്ടകൾ; ‍ഭാര്യയടക്കം നാല് പേരെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്; പ്രതി പിടിയിൽ

വാഷിങ്ടൻ: ഭാര്യയടക്കം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവർ ​ഗുർപ്രീത് സിങ് (37) അമേരിക്കയിൽ അറസ്റ്റിൽ. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ​ഗുർപ്രീത് അറസ്റ്റിലാകുന്നത്. കണക്ടിക്കട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പിടിയിലായതോടെ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ സത്യങ്ങളായിരുന്നു. 

ഭാര്യ ശാലിന്ദർജിത് കൗർ (39), അവരുടെ പിതാവ് ഹക്കിയാക്കത്ത് പനാഗ് (59), അദ്ദേഹത്തിന്റെ ഭാര്യ പരംജിത് കൗർ (62), പരംജിത്തിന്റെ സഹോദരി അമർജിത് കൗർ (58) എന്നിവരാണു കൊല്ലപ്പെട്ടത്. നയൻ എംഎം കൈത്തോക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകമെന്നു പൊലീസ് പറയുന്നു. കൊലപാതകത്തിനു പിന്നിലെ ഗുർപ്രീതിന്റെ ലക്ഷ്യമെന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

എന്നാൽ ബന്ധുക്കൾ പറയുന്നത് കൊലപാതകത്തിന് പിന്നിൽ ​ഗുർപ്രീതിന് പങ്കുള്ളതായി തങ്ങൾക്കുറപ്പായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പക്ഷേ അയാൾ നേരിട്ടു കൊലപ്പെടുത്തുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും കൊന്നൊടുക്കുമെന്നും. ഭാര്യയുമായി വിവാഹ മോചനം തേടാനുള്ള നീക്കത്തിലായിരുന്നു ഇയാളെന്നും സൂചനയുണ്ട്. അതിന്റെ ഭാഗമായി വഴക്കിടലും പതിവായിരുന്നു. അതിനിടെയാണു കൊലപാതകം.

സംഭവത്തിനു പിന്നാലെ ഒട്ടേറെ പേർ ഗുർപ്രീതിന്റെ പങ്ക് സംബന്ധിച്ച സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആവശ്യമായ തെളിവ് പൊലീസിനു ലഭിച്ചിരുന്നില്ല. എങ്കിലും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് അപാർട്മെന്റിനു സമീപത്തെ കുളത്തിൽ നിന്ന് ഒരു തോക്ക് ലഭിക്കുന്നത്. അക്കാര്യം ഒരാളോടു പോലും പൊലീസ് വെളിപ്പെടുത്തിയില്ല. തോക്കിനു പിന്നാലെ നടത്തിയ ശാസ്ത്രീയ അന്വേഷണം ചെന്നെത്തി നിന്നത് ഗുര്‍പ്രീതിലും. കണക്ടിക്കറ്റിൽ ഒരു വിവാഹ ചടങ്ങിനെത്തിയപ്പോഴായിരുന്നു ഗുർപ്രീതിന്റെ അറസ്റ്റ്.

സംഭവത്തിനു ശേഷം ബന്ധുക്കൾക്കു മുന്നിൽ അതീവ ദുഃഖിതനായിട്ടായിരുന്നു ഇയാൾ അഭിനയിച്ചിരുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിലും വികാരാധീനനായി. പ്രദേശത്തെ ഇന്ത്യക്കാര്‍ ചേർന്നു സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിലും സജീവമായി പങ്കെടുത്തു. പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞു. തനിക്ക് സങ്കടം സഹിക്കാനാകുന്നില്ലെന്നും ഇതെല്ലാം സംഭവിച്ചെന്നു വിശ്വസിക്കാൻ പോലും പറ്റുന്നില്ലെന്നും തന്റെ ചിന്താശേഷി തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോഴെന്നുമായിരുന്നു ഇയാളുടെ പ്രതികരണം. മാധ്യമങ്ങൾക്കു മുന്നിലും ഗുർപ്രീത് ഇത്തരത്തിൽ പലപ്പോഴും വികാരധീനനായി. അപ്പോഴെല്ലാം അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ പൊലീസിനു നേരെ കടുത്ത വിമർശനമുയർന്നിരുന്നു.

തെളിവുകളുടെ ശാസ്ത്രീയ പരിശോധനകൾ അനുകൂലമായതോടെയാണ് പൊലീസ് ഗുർപ്രീതിനെ അറസ്റ്റ് ചെയ്തത്. അപാർട്മെന്റിലെത്തിയ സമയത്ത് അടുക്കളയിൽ പാത്രം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. താനില്ലാത്ത സമയത്താണ് സംഭവം നടന്നതെന്നു വരുത്തിത്തീർക്കാനുള്ള ഗുർപ്രീതിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. 

ശാലിന്ദർജിത്തിന് മൂന്ന് വെടിയാണേറ്റത്. ഡൈനിങ് റൂമിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹക്കിയാക്കത്തിന്റെ തലയിൽ നിന്ന് എട്ട് വെടിയുണ്ടകൾ കണ്ടെടുത്തു. കിടപ്പുമുറിയിൽ വിശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഹക്കിയാക്കത്തിന്റെ ഭാര്യയ്ക്ക് അഞ്ച് തവണ വെടിയേറ്റു. നാല് തവണ തലയിലും ഒരു തവണ കൈയിലും. ലിവിങ് റൂമിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സഹോദരിയെ സന്ദർശിക്കാൻ യുഎസിലെത്തിയതായിരുന്നു അമർജിത്. ലിവിങ് റൂമിൽ തന്നെയായിരുന്നു ഇവരുടെയും മൃതദേഹം. തലയില്‍ രണ്ട് തവണ വെടിയേറ്റിരുന്നു.

ഗുർപ്രീതിന് മൂന്ന് മക്കളായിരുന്നു. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും. കൊലപാതകം നടന്ന ഏപ്രിൽ 28ന് മൂവരും വീട്ടിലില്ലാതിരുന്നതു കൊണ്ടു മാത്രമാണു രക്ഷപ്പെട്ടതെന്നും പൊലീസ് പറയുന്നു. അതിക്രൂരമായ കൊലപാതകം ചെയ്യാവുന്ന മാനസികാവസ്ഥയിലായിരുന്നു ഇയാളെന്നും പൊലീസ് വ്യക്തമാക്കി. ആകെ 18 വെടിയുണ്ടകളാണ് കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ കണ്ടെത്തിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഗുർപ്രീതിനു മേൽ ചുമത്തിയിരിക്കുന്നത്. ഇയാളെ വൈകാതെ ഒഹായോ പൊലീസിനു കൈമാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com