എന്റിക ലെക്‌സി കേസ്; രാജ്യാന്തര കോടതിയില്‍ വാദം തുടങ്ങി

എന്റിക ലെക്‌സി കേസ്; രാജ്യാന്തര കോടതിയില്‍ വാദം തുടങ്ങി
കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ (ഫയല്‍)
കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ (ഫയല്‍)

ഹേഗ്: കൊല്ലം തീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കു നിര്‍ദേശം നല്‍കണമെന്ന ഇറ്റലിയുടെ ഹര്‍ജിയില്‍ രാജ്യാന്തര നീതിന്യായ കോടതിയില്‍ വാദം തുടങ്ങി. കേസില്‍ തുടര്‍ നടപടിയെടുക്കുന്നതിനുള്ള അധികാരം റോമിനു കൈമാറണമെന്നാണ് ഇറ്റലിയുടെ വാദം.

കേസില്‍ പ്രതികളായ മസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നീ രണ്ടു നാവികരും ഇറ്റലിക്കാര്‍ ആയതിനാല്‍ കേസ് നടത്തുന്നതിനുള്ള അധികാരം ഇറ്റലിക്കു കൈമാറണമെന്ന് രാജ്യാന്തര കോടതിയിലെ അവരുടെ പ്രതിനിധി ഫ്രാന്‍സെസ്‌കോ അസറിലോ വാദിച്ചു. നാവികര്‍ രണ്ടു പേരും ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ ആയിരുന്നെന്നും ഇറ്റാലിയന്‍ പതാകയുള്ള കപ്പില്‍ ആയിരുന്നെന്നുമാണ് വാദം. കപ്പല്‍ രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ ആയിരുന്നെന്നും ഇറ്റലി വാദിക്കുന്നു.

നാവികരെ കുറ്റവാളികള്‍ ആയാണ് ഇന്ത്യ കാണുന്നത്. കുറ്റപത്രം നല്‍കുന്നതിനു മുമ്പുതന്നെ നാവികരെ കൊലക്കേസില്‍ കുറ്റവാളികളായി കണക്കാക്കുന്നു. യാതൊരു നീതീകരണം ഇല്ലാത്ത വിധമാണ് ഇന്ത്യയില്‍ കേസുകള്‍ മാറ്റിവയ്ക്കുന്നതെന്നും ഇറ്റാലിയന്‍ പ്രതിനിധി വാദിച്ചു. 

കേസ് ഇറ്റലിക്കു കൈമാറണമെന്നു വാദിക്കുന്നവര്‍ ഇതില്‍ ഇരകളാക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഇന്ത്യക്കാര്‍ ആണെന്നതു മറക്കുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി ജി ബാലസുബ്രഹ്ണ്യന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ക്കും മുമ്പ് മുന്നറിപ്പു നല്‍കിയിരുന്നുവെന്ന ഇറ്റലിയുടെ വാദം അംഗീകരിക്കാനാവില്ല. ബോട്ടിനു കേടുപാടുകള്‍ വരുത്തും വിധിമായിരുന്നു വെടിവയ്‌പെന്നും ഇന്ത്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. ഇറ്റലി സഹകരിച്ചിരുന്നുവെങ്കില്‍ ഇന്ത്യയിലെ കേസ് ഇതിനകം തന്നെ പൂര്‍ത്തിയാവുമായിരുന്നെന്നും ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com