13 കാരനുമായി ലൈംഗിക ബന്ധം; 28 കാരിയായ അധ്യാപികയ്ക്ക് 20 വര്‍ഷം ജയില്‍; കെണിയായത് ആപ്

ബ്രിട്ട്‌നി സമോറ ഒരിക്കല്‍ സ്‌കൂളില്‍നിന്ന് അവധിയെടുത്തതു മുതലാണ് കുട്ടിയുമായുള്ള അതിരുവിട്ട ബന്ധം തുടങ്ങുന്നത്
13 കാരനുമായി ലൈംഗിക ബന്ധം; 28 കാരിയായ അധ്യാപികയ്ക്ക് 20 വര്‍ഷം ജയില്‍; കെണിയായത് ആപ്

വാഷിങ്ടണ്‍:പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരുപത്തിയെട്ടുകാരിയായ അധ്യാപികയ്ക്കു 20 വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. അരിസോണയിലെ ഗുഡ്ഡിയര്‍ സ്വദേശിനി ബ്രിട്ട്‌നി സമോറയ്ക്കാണ് തടവുശിക്ഷ ലഭിച്ചത്. 'ഞാന്‍ ഒരു തെറ്റ് ചെയ്തു, അതില്‍ ഖേദിക്കുന്നു. എന്നാല്‍ ഈ സമൂഹത്തിന് ഒരുതരത്തിലും ഞാന്‍ ഭീഷണിയല്ല'- അധ്യാപിക വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബ്രിട്ട്‌നി ജയിലിലാണ്. ഈ 15 മാസങ്ങളും ശിക്ഷാ കാലാവധിയില്‍ ഉള്‍പ്പെടും. ജയിലില്‍നിന്നു പുറത്തിറങ്ങുന്ന ബ്രിട്ട്‌നിയെ ലൈംഗിക കുറ്റവാളിയായി റജിസ്റ്റര്‍ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

ആറാം ക്ലാസ് വിദ്യാര്‍ഥിയെ പലതവണ പീഡിപ്പിച്ചതായി മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ്, ലാസ് ബ്രിസാസ് അക്കാദമിയില്‍ അധ്യാപികയായ ബ്രിട്ട്‌നി സമോറ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് അശ്ലീല സന്ദേശമയ്ക്കുക, ക്ലാസ്മുറിയില്‍ മറ്റൊരു വിദ്യാര്‍ഥി നോക്കിനില്‍ക്കുമ്പോള്‍ ഉള്‍പ്പെടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നിവ ചെയ്‌തെന്നായിരുന്നു പരാതി. കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍ട്രി പേരന്റല്‍ കണ്‍ട്രോള്‍ എന്ന ആപ്പ് വഴിയാണ് അധ്യാപികയുടെ പ്രവൃത്തിയെപറ്റി മാതാപിതാക്കള്‍ക്കു വിവരം ലഭിച്ചത്.

കുട്ടികളുടെ ഫോണില്‍ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പടെ ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അറിയിപ്പു നല്‍കുന്ന ആപ്പാണിത്. അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്നു കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപിക നിരന്തരം പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി വേര്‍പിരിഞ്ഞു കഴിയുന്ന കുട്ടിയുടെ അമ്മയും അച്ഛനും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബ്രിട്ട്‌നി സമോറ ഒരിക്കല്‍ സ്‌കൂളില്‍നിന്ന് അവധിയെടുത്തതു മുതലാണ് കുട്ടിയുമായുള്ള അതിരുവിട്ട ബന്ധം തുടങ്ങുന്നത്. അവധിയെടുക്കുന്നതിനു മുന്നോടിയായി പഠനസംബന്ധമായ സംശയങ്ങള്‍ ചോദിക്കുന്നതിനു 'ക്ലാസ് ക്രാഫ്റ്റ്' എന്ന ആപ് വിദ്യാര്‍ഥികള്‍ക്കു നല്‍കി. ഇതുവഴി കുട്ടിയും ബ്രിട്ട്‌നിയും നിരന്തരം സന്ദേശങ്ങള്‍ കൈമാറാന്‍ ആരംഭിച്ചു. കൂടുതല്‍ അടുപ്പമായപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി കുട്ടിക്കു ബ്രിട്ട്‌നി തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി മാതാപിതാക്കള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥികള്‍ അധ്യാപികയുടെയും കുട്ടിയുടെയും ബന്ധത്തില്‍ അസ്വാഭാവികത ഉള്ളതായി അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. ക്ലാസിനിടയില്‍ ബ്രിട്ട്‌നി ഈ കുട്ടിയോട് അമിത താല്‍പര്യം കാണിക്കുന്നതായും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അപ്പോള്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാതിരുന്നതിനാലാണു നടപടി സ്വീകരിക്കാതിരുന്നതെന്നു പ്രിന്‍സിപ്പല്‍ ടോം ഡിക്കി പറഞ്ഞു.

ബ്രിട്ട്‌നിക്കു തെറ്റു പറ്റിയതായും മാപ്പുകൊടുക്കണമെന്നും അപേക്ഷിച്ചു കുട്ടിയുടെ മാതാപിതാക്കളെ കണ്ട ഭര്‍ത്താവിനെതിരെയും പരാതിയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായുള്ള അവിഹിത ബന്ധം അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന കുറ്റമാരോപിച്ചാണ് ബ്രിട്ട്‌നിയുടെ ഭര്‍ത്താവ് ഡാനിയേലിനെതിരെ പരാതി നല്‍കിയത്. ബ്രിട്ട്‌നി കുട്ടികളെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണെന്നും മാതാപിതാക്കളെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും ഡാനിയേല്‍ വിശദീകരിച്ചു. 16–ാം വയസ്സില്‍ പ്രണയത്തിലായ ഡാനിയേലും ബ്രിട്ട്‌നിയും 2015–ലാണ് വിവാഹിതരായത്. ഇവര്‍ക്കു കുട്ടികളില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com