നവാസ് ഷെരീഫിന് പിന്നാലെ മറ്റൊരു മുൻ പാക് പ്രധാനമന്ത്രി കൂടി അഴിമതിക്കേസില്‍ അറസ്റ്റിൽ

ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) അഴിമതിക്കേസിലാണ് അബ്ബാസി അറസ്റ്റിലായത്
നവാസ് ഷെരീഫിന് പിന്നാലെ മറ്റൊരു മുൻ പാക് പ്രധാനമന്ത്രി കൂടി അഴിമതിക്കേസില്‍ അറസ്റ്റിൽ

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി അഴിമതിക്കേസില്‍ അറസ്റ്റിൽ. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി)യാണ് അബ്ബാസിയെ അറസ്റ്റു ചെയ്തത്. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും പിന്നാലെ അറസ്റ്റിലാകുന്ന പാകിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ് അബ്ബാസി. ലാഹോര്‍ പ്രസ് ക്ലബ്ബിലേക്ക് പോകും വഴിയാണ് അദ്ദേഹം അറസ്റ്റിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) അഴിമതിക്കേസിലാണ് അബ്ബാസി അറസ്റ്റിലായത്. നിയമങ്ങള്‍ ലംഘിച്ച് തങ്ങള്‍ക്ക് വേണ്ടപ്പെട്ട കമ്പനിക്ക് 15 വര്‍ഷത്തേക്ക് എല്‍എന്‍ജി ടെര്‍മിനല്‍ കരാറുകള്‍ അനുവദിച്ചുവെന്നാണ് അബ്ബാസിക്കെതിരായ കേസ്. ഇതുമൂലം ഖജനാവിന് കനത്ത നഷ്ടമുണ്ടായെന്നും എന്‍എബി ആരോപിക്കുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയതിന്റെ പേരില്‍ അബ്ബാസിക്കും പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനുമെതിരെ കഴിഞ്ഞ വര്‍ഷമാണ് എന്‍എബി അന്വേഷണം തുടങ്ങിയത്.

പനാമ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി അയോഗ്യനാക്കിയതിന് പിന്നാലെയായിരുന്നു അബ്ബാസി പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. 2017 ഓഗസ്റ്റ് മുതല്‍ 2018 മെയ് വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. അഴിമതിക്കേസില്‍ കഴിഞ്ഞ ഡിസംബറില്‍ കോടതി ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് നവാസ് ഷെരീഫ് ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ കഴിയുകയാണ്. വ്യാജ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസില്‍ ആസിഫ് അലി സര്‍ദാരിയെ കഴിഞ്ഞ ജൂണ്‍ പത്തിനാണ് എന്‍എബി അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com