അവകാശങ്ങള്‍ ബോധ്യപ്പെടുത്തി ; കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കുമെന്ന് പാകിസ്ഥാന്‍

കുല്‍ഭൂഷണ്‍ കേസില്‍ പാക്കിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചെന്നും നയതന്ത്രസഹായം നിഷേധിച്ചെന്നും അന്താരാഷ്ട്ര കോടതി വിമര്‍ശിച്ചിരുന്നു
അവകാശങ്ങള്‍ ബോധ്യപ്പെടുത്തി ; കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കുമെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ് : ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കുമെന്ന് പാകിസ്ഥാന്‍. പാക് നിയമങ്ങള്‍ അനുസരിച്ചാണ് നയതന്ത്ര സഹായം ഉറപ്പാക്കുക. ഇത് എങ്ങനെ നല്‍കണമെന്ന കാര്യം പരിശോധിച്ചു വരികയാണ്. വിയന്ന കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ എന്തൊക്കെയെന്ന് കുല്‍ഭൂഷണ്‍ ജാദവിനെ അറിയിച്ചതായും പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കി. 

അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മാനിച്ചാണ് ഈ തീരുമാനമെന്നാണ് പാക്കിസ്ഥാന്‍വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. കുല്‍ഭൂഷണ്‍ കേസില്‍ പാക്കിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചെന്നും നയതന്ത്രസഹായം നിഷേധിച്ചെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വിമര്‍ശിച്ചിരുന്നു.

'പാക്കിസ്ഥാനിലെ നിയമങ്ങള്‍ അനുശാസിക്കുന്ന നയതന്ത്രപരമായ സഹായം ജാദവിന് നല്‍കും. നയതന്ത്ര ബന്ധങ്ങളെ സംബന്ധിച്ച വിയന്ന കണ്‍വന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 36, ഖണ്ഡിക 1 (ബി) പ്രകാരമുള്ള അവകാശങ്ങളെ സംബന്ധിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ കമാന്‍ഡര്‍ അറിയിച്ചിട്ടുണ്ട്' വ്യാഴാഴ്ച രാത്രി പാക് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി മരവിപ്പിച്ചിരുന്നു.  കുല്‍ഭൂഷണ്‍ ജാദവിനോട് അദ്ദേഹത്തിനുള്ള അവകാശങ്ങളെക്കുറിച്ച് വിവരം നല്‍കാത്തതും 22 ദിവസം വൈകി അറസ്റ്റു വിവരം ഇന്ത്യയെ അറിയിച്ചതും നയതന്ത്ര സഹായം നിഷേധിച്ചതും പാക്കിസ്ഥാന്‍ നടത്തിയ ഗുരുതര ലംഘനങ്ങളാണെന്നും അന്താരാഷ്ട്ര കോടതി വ്യക്തമാക്കിയിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com