​ഗ്രീസ് തലസ്ഥാനമായ ഏതൻസിൽ വൻ ഭൂചലനം; തീവ്രത 5.1 രേഖപ്പെടുത്തി

ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സില്‍ വന്‍ ഭൂചലനം. വെള്ളിയാഴ്ച ഉച്ചയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്
​ഗ്രീസ് തലസ്ഥാനമായ ഏതൻസിൽ വൻ ഭൂചലനം; തീവ്രത 5.1 രേഖപ്പെടുത്തി

ഏതന്‍സ്: ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സില്‍ വന്‍ ഭൂചലനം. വെള്ളിയാഴ്ച ഉച്ചയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പരിഭ്രാന്തരായ ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങി. ഏതന്‍സില്‍ നിന്ന് 23 കിലോമീറ്റര്‍ മാറി തെക്ക് പടിഞ്ഞാറന്‍ പ്രദേശത്താണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം എന്നാണ് ഏതന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ ഡൈനാമിക്സ് പറയുന്നത്. ആർക്കും പരിക്കേറ്റതായോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ആദ്യ ചലനത്തിന് ശേഷം 3.1 തീവ്രതയോളം രേഖപ്പെടുത്തിയ ഏഴ് തുടര്‍ ചലനങ്ങളും ഉണ്ടായതായി ഏതന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ ഡൈനാമിക്സ് വ്യക്തമാക്കി. ലഘുവായതും എന്നാല്‍ തീവ്രമായതുമാണ് ഭൂചലനം എന്നാണ് യൂറോപ്യന്‍ മെഡിറ്റനേറിയന്‍ സീസ്മോളജി സെന്‍റര്‍ പറയുന്നത്. 

അറ്റിക്കാ പ്രദേശത്ത് ചില കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി സര്‍ക്കാര്‍ വക്താവ് സ്റ്റെലിയസ് പെറ്റിസാസ് പ്രദേശിക മാധ്യമത്തോട് വ്യക്തമാക്കി. ഭൂകമ്പത്തെ തുടര്‍ന്ന് എലിവേറ്ററുകളിലും മറ്റും കുടുങ്ങിയവരെ രക്ഷിക്കാനും, മുടങ്ങിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക്‌ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാനും പൊലീസ്, അഗ്നിശമന സേന അംഗങ്ങള്‍ പരിശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

ഭൂകമ്പം ബാധിച്ച പ്രദേശങ്ങളില്‍ അടിയന്തര ഹെലികോപ്റ്റര്‍ സേവനം ഗ്രീസ് ജനസുരക്ഷ മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യമായാണ് ഗ്രീസിനെ കണക്കാക്കുന്നത്. ഭൂമിയുടെ മൂന്ന് പ്രധാന ഭൂപാളികളുടെ സംയോജന പ്രദേശത്തിന് മുകളിലാണ് ഗ്രീസ് സ്ഥിതി ചെയ്യുന്നത്. 2017 ജൂലൈയിൽ ഗ്രീസിലെ കോസില്‍ 6.7 തീവ്രതയില്‍ ഭൂകമ്പം ഉണ്ടായിരുന്നു. 1999ല്‍ ഗ്രീസിലുണ്ടായ ഭൂചലനത്തില്‍ 143 പേർ മരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com