ബിന്‍ ലാദനെക്കുറിച്ചു യുഎസിനു വിവരം നല്‍കിയത് പാകിസ്ഥാന്‍; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്‍

ബിന്‍ ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്കു കൈമാറിയത് ഐഎസ്‌ഐ ആണെന്ന് ഇമ്രാന്‍
ബിന്‍ ലാദനെക്കുറിച്ചു യുഎസിനു വിവരം നല്‍കിയത് പാകിസ്ഥാന്‍; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്‍

വാഷിങ്ടണ്‍: പാക് ചാര സംഘടനയായ ഐഎസ്‌ഐ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ പിടികൂടി വധിക്കാനായതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് ഇമ്രാന്റെ വെളിപ്പെടുത്തല്‍. യുഎസ് പിടികൂടുംവരെ അല്‍ ഖ്വയ്ദ നേതാവിനെക്കുറിച്ച് പാകിസ്ഥാനു വിവരമൊന്നും ഇല്ലായിരുന്നെന്നാണ് അവര്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്.

ബിന്‍ ലാദന്‍ അബോട്ടാബാദില്‍ ഉണ്ടെന്നു വിവരം നല്‍കിയ പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ ജയിലില്‍നിന്നു വിട്ടയയ്ക്കുമോയെന്ന ചോദ്യത്തിനു മറുപടിയായാണ് ഇമ്രാന്‍ ഖാന്റെ വെളിപ്പെടുത്തല്‍. ബിന്‍ ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്കു കൈമാറിയത് ഐഎസ്‌ഐ ആണെന്ന് ഇമ്രാന്‍ പറഞ്ഞു. ഫോണിലൂടെയാണ വിവരം കൈമാറിയതെന്നും ഇമ്രാന്‍ വിശദീകരിച്ചു.

അതേസമയം ഷക്കീല്‍ അഫ്രീദിയെ മോചിപ്പിക്കുന്നതു സംബന്ധിച്ച്, ആവര്‍ത്തിച്ചുള്ള ചോദ്യത്തിനും ഇമ്രാന്‍ മറുപടി നല്‍കിയില്ല. അഫ്രീദി യുഎസ് ചാരനാണെന്നാണ് പാകിസ്ഥാന്‍ കരുതുന്നത്. അതുകൊണ്ടുതന്നെ അതൊരു വൈകാരിക വിഷയമാണെന്നും ഇമ്രാന്‍ പറഞ്ഞു. 

ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ യുഎസിന്റെ പങ്കാളിയായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ യുഎസ് പാകിസ്ഥാനെ വിശ്വസിച്ചില്ല. അവര്‍ പാകിസ്ഥാനിലേക്കു വന്ന് ബോംബിട്ട് ഒരു മനുഷ്യനെ കൊല്ലുകയായിരുന്നു. ഇതു പാകിസ്ഥാനു വലിയ അപമാനമായെന്ന് ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com