ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി; ഒക്ടോബര്‍ 31നകം ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രഖ്യാപനം

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണെ തെരഞ്ഞെടുത്തു
ബോറിസ് ജോണ്‍സണ്‍ 2017ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള ചിത്രം/പിടിഐ
ബോറിസ് ജോണ്‍സണ്‍ 2017ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള ചിത്രം/പിടിഐ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണെ തെരഞ്ഞെടുത്തു. നേതാവിനെ തെരഞ്ഞെടുക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാര്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 66ശതമാനം വോട്ട് നേടിയാണ് ബോറിസിന്റെ വിജയം. വിദേശകാര്യസെക്രട്ടറി ജറമി ഹണ്ടിനെയാണ് മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ ജോണ്‍സണ്‍ തോല്‍പ്പിച്ചത്. 

ബ്രക്‌സിറ്റ് നടപ്പാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തെരേസ മേയ് രാജിവച്ചതിനെ തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. ബ്രക്‌സിറ്റ് അനുകൂല ചേരിയുടെ ഏറ്റവും പ്രമുഖനായ നേതാവാണ് ജോണ്‍സണ്‍. 

ലണ്ടന്‍ മുന്‍ മേയറാണ് 55കാരനായ ബോറിസ് ജോണ്‍സണ്‍. 159,320 പാര്‍ട്ടി പ്രവര്‍ത്തകരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ബുധനാഴ്ച ഉച്ചയോടെ ബോറിസ് അധികാരമേല്‍ക്കും. രാജ്ഞിക്ക് രാജിക്കത്ത് നല്‍കുന്നതിന് മുമ്പ്, തെരേസ മേയ് ഹൗസ് ഓഫ് കോമണ്‍സില്‍ അവരുടെ പ്രധാനമന്ത്രി പദത്തിലുള്ള അവസാന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.  

ഒക്ടോബര്‍ 31നകം ബ്രക്‌സിറ്റ് നടപ്പാക്കുമെന്നും പുതിയ ഊര്‍ജം നല്‍കുന്ന എല്ലാ തരത്തിലുള്ള അവസരങ്ങളും പരാമവധി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com