വെറും മൂന്ന് മിനിറ്റ്; കവര്‍ന്നത് 720 കിലോ സ്വര്‍ണം, 200 കോടിയുടെ മോഷണത്തിന് പിന്നിലെ ഞെട്ടിക്കുന്ന കഥ

വിമാനത്താവളത്തില്‍ നിന്ന് മൂന്നുമിനിറ്റിനുളളില്‍ എട്ട് പേരടങ്ങുന്ന ആയുധധാരികളുടെ സംഘം കൊളളയടിച്ചത് 200 കോടി രൂപയുടെ സ്വര്‍ണക്കട്ടികള്‍
വെറും മൂന്ന് മിനിറ്റ്; കവര്‍ന്നത് 720 കിലോ സ്വര്‍ണം, 200 കോടിയുടെ മോഷണത്തിന് പിന്നിലെ ഞെട്ടിക്കുന്ന കഥ

ബ്രസീലിയ: വിമാനത്താവളത്തില്‍ നിന്ന് മൂന്നുമിനിറ്റിനുളളില്‍ എട്ട് പേരടങ്ങുന്ന ആയുധധാരികളുടെ സംഘം കൊളളയടിച്ചത് 200 കോടി രൂപയുടെ സ്വര്‍ണക്കട്ടികള്‍. ബ്രസീലിലെ സാവോപോള രാജ്യാന്തര വിമാനത്താവളത്തിലാണ് സിനിമയെ വെല്ലുന്ന കവര്‍ച്ച നടന്നത്.720 കിലോഗ്രാം സ്വര്‍ണമാണ് ഇവര്‍ നിമിഷങ്ങള്‍ക്കുളളില്‍ കൊളളയടിച്ചത്.

പോലീസുദ്യോഗസ്ഥരായെത്തിയ സംഘം ഏവരേയും കബളിപ്പിച്ച് ഞൊടിയിടയില്‍ സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. ഇവര്‍ വന്ന വാഹനങ്ങളും പൊലീസ് വാഹനങ്ങളെ പോലെ തോന്നിച്ചിരുന്നു. കാര്‍ഗോ ജീവനക്കാരോട് സ്വര്‍ണം അവരുടെ ട്രക്കിലേക്ക് കയറ്റാന്‍ സംഘം നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് വിവരം. 

സൂറിച്ചിലേക്കും ന്യൂയോര്‍ക്കിലേക്കും കൊണ്ടുപോകാനെത്തിച്ച സ്വര്‍ണമാണ് കൊള്ളയടിക്കപ്പെട്ടത്. വ്യക്തമായി തയ്യാറെടുപ്പോടെയാണ് സംഘമെത്തിയതെന്ന് പോലീസ് അറിയിച്ചു. പരിചയസമ്പന്നരായ മോഷ്ടാക്കളാണ് സംഘത്തിലുണ്ടായിരുന്നതെന്നും അതിനാലാണ് മോഷണത്തെ കുറിച്ച് സംശയം തോന്നാതിരുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 

സ്വര്‍ണം വിമാനത്താവളത്തിലെത്തിക്കുന്ന കാര്‍ഗോ കമ്പനിയിലെ ഒരു ജീവനക്കാരന്റെ ബന്ധുവിനെ മോഷണസംഘം തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് സംഘം വിവരം ശേഖരിച്ചിട്ടുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനം. വിമാനത്താവളത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com