ഭീകരവാദം ദേശീയ നയമായി കാണുന്ന പാകിസ്ഥാനുമായി ചര്‍ച്ചയില്ല; ചൈനീസ് പ്രസിഡന്റിനോട് നരേന്ദ്ര മോദി

ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിൽ കൂടിക്കാഴ്ച നടത്തി
ഭീകരവാദം ദേശീയ നയമായി കാണുന്ന പാകിസ്ഥാനുമായി ചര്‍ച്ചയില്ല; ചൈനീസ് പ്രസിഡന്റിനോട് നരേന്ദ്ര മോദി

ബിഷ്കെക്: ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം ഷി ജിൻപിങ് സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.  ഇരു രാഷ്ട്ര തലവന്‍മാരും നടത്തിയ ഉഭയകക്ഷി യോഗത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയത്.

ഇന്നു നടന്ന കൂടിക്കാഴ്ചയില്‍ അനൗദ്യോഗിക ഉച്ചകോടിക്കായി പ്രധാനമന്ത്രി ഷി ജിന്‍പിങ്ങിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും അദ്ദേഹം തന്റെ സമ്മതം അറിയിക്കുകയും ചെയ്തു. ഈ വര്‍ഷം തന്നെ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനമുണ്ടാകും. ഉടന്‍തന്നെ ഇരു രാജ്യങ്ങളും ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ പറഞ്ഞു.

കൂടിക്കാഴ്ചയില്‍ മോദി പാകിസ്ഥാനെ വിമര്‍ശിച്ചു. ഭീകരവാദത്തെ ദേശീയ നയമായി കാണുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് പറ്റിയ അന്തരീക്ഷമല്ല ഇപ്പോഴുള്ളതെന്ന് മോദി പറഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൂടി പങ്കെടുക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. 

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഐക്യരാഷ്ട്രസഭയിൽ ചൈന സ്വീകരിച്ച അനുകൂല നിലപാട്, ബാങ്ക് ഓഫ് ചൈനയുടെ ശാഖ ഇന്ത്യയില്‍ ആരംഭിക്കാനുള്ള തീരുമാനം തുടങ്ങി ഇന്ത്യ- ചൈന ബന്ധത്തിലുണ്ടായ പുരോഗതി മോദി ചൂണ്ടിക്കാട്ടി. ഉച്ചകോടിക്ക് മുന്നോടിയായാണ് അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി മോദി കൂടിക്കാഴ്ടച നടത്തിയത്. ഉച്ചകോടിക്ക് ശേഷം കിര്‍ഗിസ്താന്‍ പ്രസിഡന്റ് ജീന്‍ബെകോവുമായി മോദി ചര്‍ച്ച നടത്തും.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ചൈനയിലെ വുഹാനില്‍ പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ ആദ്യത്തെ അനൗദ്യോഗിക ഉച്ചകോടി നടന്നത്. ഇത് വലിയ വിജയമായിരുന്നു. മോദി ക്ഷണിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് വരുമെന്ന് ഷി ജിന്‍പിങ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനിയുമായും മോദി കൂടിക്കാഴ്ച നടത്തി. ഈ മാസം അവസാനം ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഇന്ത്യയുടെയും ചൈനയുടെയും റഷ്യയുടെയും നേതാക്കള്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com