ഒരുദിവസം മുഴുവന്‍ മൂന്നു രാജ്യങ്ങള്‍ ഇരുട്ടില്‍; അപ്രതീക്ഷിത വൈദ്യുതി മുടക്കത്തില്‍ ഞെട്ടി അര്‍ജന്റീനയും യുറഗ്വേയും പരഗ്വേയും

ഒരുദിവസം മുഴുവന്‍ മൂന്നുരാജ്യങ്ങളില്‍ ഒരുമിച്ച് വൈദ്യുതി മുടങ്ങിയതിന്റെ ഞെട്ടലിലാണ് ലോകം
ഒരുദിവസം മുഴുവന്‍ മൂന്നു രാജ്യങ്ങള്‍ ഇരുട്ടില്‍; അപ്രതീക്ഷിത വൈദ്യുതി മുടക്കത്തില്‍ ഞെട്ടി അര്‍ജന്റീനയും യുറഗ്വേയും പരഗ്വേയും

രുദിവസം മുഴുവന്‍ മൂന്നുരാജ്യങ്ങളില്‍ ഒരുമിച്ച് വൈദ്യുതി മുടങ്ങിയതിന്റെ ഞെട്ടലിലാണ് ലോകം. അര്‍ജന്റീന, യുറഗ്വേ,പരഗ്വേ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ് ഒരുദിവസം മുഴുവന്‍ ഇരുട്ടിലായത്. ഞായറാഴ്ച മുടങ്ങിയ വൈദ്യുതി ബന്ധം നീണ്ട പരിശ്രമത്തിന് ശേഷം പുനഃസ്ഥാപിച്ചു.അര്‍ജന്റീനയില്‍ വൈദ്യുതി പൂര്‍ണമായും മുടങ്ങിയതോടെ വൈദ്യുതി ബന്ധത്തില്‍ ഇവരുമായി സഹകരിക്കുന്ന പരഗ്വേയിലും ഉറുഗ്വേയിലും വൈദ്യുതി മുടങ്ങുകയായിരുന്നു. പെട്ടെന്നുള്ള വൈദ്യുതി മുടക്കത്തിന് കാരണം എന്താണ് എന്നതിനെപ്പറ്റി അധികൃതര്‍ക്ക് ഇപ്പോഴും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. വൈദ്യുതി മുടക്കത്തിന് പിന്നാലെയുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല. 

അപ്രതീക്ഷിതമായ സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് അന്വേഷിക്കുമെന്ന് അര്‍ജന്റീന പ്രസിഡന്റ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പതിനഞ്ച് ദിവസം പിടിക്കുമെന്നാണ് അര്‍ജന്റീന വൈദ്യുതി വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

രാജ്യത്തിന്റെ വൈദ്യുതി ഇന്റര്‍ കണക്ഷന്‍ സിസ്റ്റത്തിലുണ്ടായ തകരാറാകാം സംഭവത്തിന് പിന്നിലെന്നാണ് അര്‍ജന്റീന വൈദ്യുതി സെക്രട്ടറിയുടെ നിഗമനം. ഇതുവരെയുണ്ടാകാത്ത തരത്തിലുള്ള അസാധാരണ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണത്തിനെക്കുറിച്ചുള്ള സാധ്യതകളും അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ സെക്രട്ടറി, അത്തരത്തിലൊരു ആക്രമണത്തിന് സാധ്യത തീരെ കുറവാണെന്നും ചൂണ്ടിക്കാണിക്കുന്നു. 

വൈദ്യുതി മുടക്കത്തോടെ അര്‍ജന്റീനയില്‍ പൊതുഗതാഗത സംവിധാനം താറുമാറായി. ടെലഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. ജലവിതരണം മുടങ്ങി. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുന്ന അര്‍ജന്റീനയുടെ വൈദ്യുതി മേഖലയിലുള്ള നിക്ഷേപത്തിന്റെ കുറവാണ് ഇങ്ങനെയൊരു സ്ഥിതി വിശേഷത്തിന് കാരണമായതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

മണിക്കൂറുകളോളം ഉറുഗ്വേയിലും വൈദ്യുതി മുടങ്ങിയെന്ന് ഉറുഗ്വേ എനര്‍ജി കമ്പനി യുടിഇ വെളിപ്പെടുത്തി. അര്‍ജന്റീനയോട് അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ മേഖലയിലാണ് പരഗ്വേയ്ക്ക് വൈദ്യുതി മുടക്കം അനുഭവപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com