മസൂദ് അസര്‍ പാകിസ്ഥാനില്‍ത്തന്നെ; രോഗിയും അവശനുമെന്ന് പാക് വിദേശകാര്യമന്ത്രി

ഇന്ത്യയുടെ വാദങ്ങള്‍ ന്യായമാണെന്ന് പാക് കോടതികള്‍ക്ക് കൂടി ബോധ്യമാകേണ്ടതുണ്ട്. അത്തരം ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ പാക് സര്‍ക്കാരിന് കൈമാറാന്‍ ഇന്ത്യ തയ്യാറാവണം. എങ്കില്‍ മാത്രമേ സ്വതന്ത്രമായി പ്രവ
മസൂദ് അസര്‍ പാകിസ്ഥാനില്‍ത്തന്നെ; രോഗിയും അവശനുമെന്ന് പാക് വിദേശകാര്യമന്ത്രി

ലഹോര്‍: ഇന്ത്യ തിരയുന്ന ഭീകരനും ജെയ്‌ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസര്‍ രാജ്യത്തുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ വെളിപ്പെടുത്തല്‍. അസര്‍ രോഗബാധിതനാണെന്നും വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തത്ര അവശനിലയിലാണെന്നുമാണ് തനിക്ക് ലഭിച്ച വിവരമെന്നും ഖുറേഷി അന്താരാഷ്ട്ര മാധ്യമമായ  സിഎന്‍എന്നിനോട് പറഞ്ഞു. 

അസറിനെതിരെ കൃത്യമായ തെളിവുകള്‍ ഇന്ത്യ നല്‍കിയാല്‍ കടുത്ത നടപടി പാകിസ്ഥാന്‍ സ്വീകരിക്കുമെന്നും ഖുറേഷി അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വാദങ്ങള്‍ ന്യായമാണെന്ന് പാക് കോടതികള്‍ക്ക് കൂടി ബോധ്യമാകേണ്ടതുണ്ട്. അത്തരം ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ പാക് സര്‍ക്കാരിന് കൈമാറാന്‍ ഇന്ത്യ തയ്യാറാവണം. എങ്കില്‍ മാത്രമേ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പാക് കോടതിക്ക് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കഴിയുകയുള്ളൂവെന്നും ഖുറേഷി പറഞ്ഞു. 

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ എത്രയും വേഗം ഇന്ത്യയ്ക്ക് കൈമാറാന്‍ പാകിസ്ഥാന്‍ സന്നദ്ധമാണ്. സമാധാനം നിലനിര്‍ത്താനാണ് പാകിസ്ഥാന്റെയും ആഗ്രഹം. അതിന്റെ ഭാഗമായാണ് കൈമാറ്റമെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യയുടെ ശത്രുരാജ്യമായിരിക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. യുദ്ധത്തിലേക്ക് പോവരുതെന്ന് തന്നെയാണ് പാക് തീരുമാനം. അധികാരമേറ്റപ്പോള്‍ തന്നെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നിങ്ങള്‍ സമാധാനത്തിനായി ഒരു ചുവട് വച്ചാല്‍ ഞങ്ങള്‍ രണ്ട് ചുവട് വയ്ക്കുമെന്ന് അദ്ദേഹം തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് പറഞ്ഞതെന്നും ഖുറേഷി പറഞ്ഞു. സമാധാനത്തില്‍ ജീവിക്കാനാണ് പാക് ജനത ആഗ്രഹിക്കുന്നത്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതടക്കം പാകിസ്ഥാനെ വികസനത്തിലേക്ക് നയിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും ഖുറേഷി അഭിമുഖത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com