'ഞാന്‍ അതിന് അര്‍ഹനല്ല, അതു നല്‍കേണ്ടത് മറ്റൊരാള്‍ക്ക്' ; സമാധാന നൊബേല്‍ ക്യാംപയ്‌നെക്കുറിച്ച് ഇമ്രാന്‍

'ഞാന്‍ അതിന് അര്‍ഹനല്ല, അതു നല്‍കേണ്ടത് മറ്റൊരാള്‍ക്ക്' ; സമാധാന നൊബേല്‍ ക്യാംപയ്‌നെക്കുറിച്ച് ഇമ്രാന്‍
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (ഫയല്‍)
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (ഫയല്‍)


ഇസ്ലാമാബാദ്: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം താന്‍ അര്‍ഹിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നയാള്‍ക്കാണ് അതിനുള്ള അര്‍ഹതയെന്ന് ഇമ്രാന്‍ അഭിപ്രായപ്പെട്ടു.

പാക് പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്താനെ വിട്ടയച്ചതിനു പിന്നാലെ ഇമ്രാനെ സമാധാന നൊബേലിനു പരിഗണിക്കണം എന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ ക്യാംപയ്ന്‍ നടന്നിരുന്നു. പാക് പാര്‍ലമെന്റിലും ഇതുമായി ബന്ധപ്പെട്ട് പ്രമേയം വന്നു. ഈ പശ്ചാത്തലത്തിലാണ് ഇമ്രാന്റെ പ്രതികരണം.

സമാധാനത്തിനുള്ള നൊബേലിന് താന്‍ അര്‍ഹനല്ലെന്ന് ഇമ്രാന്‍ ട്വിറ്ററില്‍ കുറിച്ചു. കശ്മീരികളുടെ ഇച്ഛയ്ക്ക് അനുസരിച്ച് കശ്മീര്‍ പ്രശ്‌നം പരിഹരിക്കുകയും അതുവഴി സമാധാനത്തിനും ഉപഭൂഖണ്ഡത്തില്‍ വികസനത്തിനും വഴിയൊരുക്കുന്നയാള്‍ക്കാണ് അതിന് അര്‍ഹതയെന്ന് ഇമ്രാന്‍ അഭിപ്രായപ്പെട്ടു. 

ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് നാഷണല്‍ അസംബ്ലിയില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവദ് ചൗധ്രിയാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിമന്യു വര്‍ത്തമാനെ തിരികെയേല്‍പ്പിച്ച് ഉപഭൂഖണ്ഡത്തിലെ സമാധാനം കാത്തുസൂക്ഷിച്ചതിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്നാണ് ആവശ്യം.

ഇമ്രാന് നൊബേല്‍ നല്‍കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പൗരന്‍മാരും സാമൂഹ്യമാധ്യമങ്ങളില്‍ ക്യാമ്പയിനുകളുമായി രംഗത്തെത്തിയിരുന്നു. മേഖലയിലെ യുദ്ധസാഹചര്യം ഒഴിവാക്കാന്‍ ഇമ്രാനാണ് മുന്‍കൈയെടുത്തത് എന്നാണ് പാകിസ്ഥാന്റെ അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com