സിറിയയില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് 1,106ലധികം കുട്ടികള്‍: യുണിസെഫ് റിപ്പോര്‍ട്ട്  

സിറിയന്‍ യുദ്ധം ഒന്‍പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യുദ്ധക്കെടുതികളില്‍ ഏറ്റവുമധികം വലഞ്ഞതും നഷ്ടമനുഭവിച്ചതും രാജ്യത്തെ കുട്ടികളാണെന്ന് യുണിസെഫ് ഓര്‍മ്മിപ്പിക്കുന്നു
കടപ്പാട്: സിറിയന്‍ ഒബ്‌സര്‍വേറ്ററി
കടപ്പാട്: സിറിയന്‍ ഒബ്‌സര്‍വേറ്ററി

ന്യൂയോര്‍ക്ക്‌: സിറിയന്‍ യുദ്ധം തുടങ്ങി എട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്ത് ഏറ്റവുമധികം കുട്ടികള്‍ മരിച്ചത് 2018ലെന്ന് യുണിസെഫ് റിപ്പോര്‍ട്ട്. 1106ലധികം കുഞ്ഞുങ്ങളാണ് കഴിഞ്ഞ വര്‍ഷം മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത് സ്ഥിരീകരിച്ച കണക്കുകളാണെങ്കിലും എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റിറ്റ ഫോറെ പറഞ്ഞു. 

സിറിയന്‍ കലാപം ഉടന്‍ അവസാനിക്കുമെന്ന തരത്തില്‍ തെറ്റിദ്ധാരണ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇതല്ല യഥാര്‍ത്ഥ അവസ്ഥയെന്നും ഹെന്റിറ്റ പറഞ്ഞു. ഈ എട്ട് വര്‍ഷങ്ങളിലുടനീളം നിറഞ്ഞുനിന്ന അപകടാവസ്ഥ ഇപ്പോഴും തുടരുകയാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു. ഖനികള്‍ മലിനീകൃതമാകുന്നതാണ് കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയെന്നാണ് യുണിസെഫിന്റെ വിലയിരുത്തല്‍. 

പൊട്ടാതെകിടന്ന യുദ്ധസാമഗ്രികള്‍ ഉണ്ടാക്കിയ അപകടങ്ങളില്‍ 434മരണങ്ങളാണ് സംഭവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഏറ്റവുമധികം ആക്രമണമുണ്ടായതും പോയവര്‍ഷമാണ്. 262 ആക്രമണങ്ങളാണ് ഇവിടങ്ങളില്‍ സംഭവിച്ചത്. 65000ത്തിലധികം ആളുകള്‍ താമസിക്കുന്ന അല്‍-ഹോള്‍ ക്യാമ്പിലെ അവസ്ഥകള്‍ മോശമാകുന്നതിനെക്കുറിച്ചും ഹെന്റിറ്റ ആശങ്ക പങ്കുവച്ചു. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 60കുട്ടികളാണ് ക്യാമ്പിലേക്ക് നടന്നുവരുന്ന വഴിയില്‍ വച്ച് മരിച്ചത്. 

'കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ മാത്രമായി ഇഡ്‌ലിബ് പ്രവിശ്യയില്‍ 59 കുഞ്ഞുങ്ങളാണ് മരിച്ചത്. നോ മാന്‍സ് ലാന്‍ഡില്‍ താമസിക്കുന്ന കുട്ടികളും മുതിര്‍ന്നവരും അനിശ്ചിതത്വത്തിലാണ് ഓരോ ദിവസവും പിന്നിടുന്നത്', ഹെന്റിറ്റ പറഞ്ഞു. 

സിറിയന്‍ യുദ്ധം ഒന്‍പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യുദ്ധക്കെടുതികളില്‍ ഏറ്റവുമധികം വലഞ്ഞതും നഷ്ടമനുഭവിച്ചതും രാജ്യത്തെ കുട്ടികളാണെന്ന് യുണിസെഫ് ഓര്‍മ്മിപ്പിക്കുന്നു. യുദ്ധം ആവര്‍ത്തിക്കപ്പെടുന്ന ഓരോ ദിവസവും കവര്‍ന്നെടുക്കുന്നത് അവരുടെ ബാല്യത്തെയാണ്, യുണിസെഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com