മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് വീണ്ടും തടഞ്ഞ് ചൈന; നിരാശജനകമെന്ന് ഇന്ത്യ 

ഇതേ വിഷയത്തില്‍ നാലാം തവണയാണ് ചൈന രക്ഷാസമിതിയില്‍ എതിര്‍പ്പ് ഉയര്‍ത്തുന്നത്
മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് വീണ്ടും തടഞ്ഞ് ചൈന; നിരാശജനകമെന്ന് ഇന്ത്യ 

ബീജിങ്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന. യുഎന്‍ രക്ഷാസമിതിയില്‍  അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും കൊണ്ടുവന്ന  നിര്‍ദേശം  പാസാകില്ല. ഇതേ വിഷയത്തില്‍ നാലാം തവണയാണ് ചൈന രക്ഷാസമിതിയില്‍ എതിര്‍പ്പ് ഉയര്‍ത്തുന്നത്. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് ചൈന തടസമുയര്‍ത്തിയത്.

പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിന് വീണ്ടും നടത്തിയ ശ്രമങ്ങളാണ് ചൈന തടഞ്ഞത്. ചൈനയുടെ നടപടി നിരാശജനകമെന്ന് ഇന്ത്യ പ്രതികരിച്ചു. മസൂദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.

ജയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രങ്ങളെ കുറിച്ചും മസൂദ് അസറിന്റെ പാകിസ്ഥാനിലെ സാന്നിധ്യത്തെ കുറിച്ചും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ അംഗങ്ങള്‍ക്ക് അറിവുളളതാണെന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് പുറമേ പത്താന്‍കോട്ട് വ്യോമ താവളം,ഉറി സൈനിക ക്യാമ്പ്, പാര്‍ലമെന്റ് എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളിലും പ്രതിസ്ഥാനത്ത് ജയ്‌ഷെ മുഹമ്മദാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com