നരകത്തിലേക്ക് സ്വാഗതം; ദയയില്ലാതെ തുരുതുരാ വെടി; ലൈവ് സ്ട്രീമിങ്ങും

ആക്ഷന്‍ ക്യാമറയായ ഗോപ്രോ തൊപ്പിയില്‍ ഘടിപ്പിച്ചാണ് അക്രമി വെടിവെപ്പ് നടത്തിയത്
നരകത്തിലേക്ക് സ്വാഗതം; ദയയില്ലാതെ തുരുതുരാ വെടി; ലൈവ് സ്ട്രീമിങ്ങും

ഓക്‌സലന്‍ഡ്: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ നടത്തിയ വെടിവെപ്പിലൊന്നിന്റെ ദൃശ്യങ്ങള്‍ ലൈവായി സ്ട്രീം ചെയ്ത് അക്രമി. മുസ്ലിം പള്ളിക്ക് അകത്തു കടക്കുന്നതും തുടര്‍ച്ചയായി വെടിവെക്കുന്നതുമാണ് അക്രമിയായ ഓസ്‌ട്രേലിയന്‍ സ്വദേശി ബ്രന്റണ്‍ ടാറന്റ് പുറത്ത് വിട്ടത്. 
ന്യൂസിലാന്റില്‍ വെള്ളിയാഴ്ചയുണ്ടായ രണ്ട് വെടിവെപ്പിലുമായി  49 പേരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റു ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലും ലിന്‍വുഡ് സബര്‍ബിലെ ഒരു പള്ളിയിലുമാണ് വെടിവെപ്പ് നടന്നത്. 

വെടിവെപ്പില്‍ അല്‍ നൂര്‍ പള്ളിയിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. 39 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 10 പേര്‍ ലിന്‍വുഡ് പള്ളിയില്‍ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലന്‍ഡ് പ്രധാനമന്ത്രി  ജസിന്ത ആര്‍ദേന്‍ ഇന്ന് ന്യൂസിലന്‍ഡിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞു. മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരങ്ങള്‍. ഇവര്‍ ഓസ്‌ട്രേലിയന്‍ വംശജരാണെന്നാണ് റിപ്പോര്‍ട്ട്. 

ആക്ഷന്‍ ക്യാമറയായ ഗോപ്രോ തൊപ്പിയില്‍ ഘടിപ്പിച്ചാണ് അക്രമി വെടിവെപ്പ് നടത്തിയത്. ഇടനാഴികകളിലൂടെ ചെന്ന് തുരുതുരെ വെടിവെക്കുന്നത് ദൃശ്യങ്ങളിലുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ദയയേതുമില്ലാതെ വെടിവെച്ചിടുന്നതും ദൃശ്യങ്ങളില്‍ കാണാം. വെടിയുണ്ട തീര്‍ന്നതിനെ തുടര്‍ന്ന് പള്ളിക്ക് പുറത്തേക്ക് വന്ന് മറ്റൊരു തോക്കെടുത്ത് പുറത്തുള്ളയാളുകളെയും കുട്ടികളെയും വെടിവെക്കുന്നതും കാണാം. വെല്‍കം ടു ഹെല്‍(നരകത്തിലേക്ക് സ്വാഗതം) എന്ന് തോക്കില്‍ വെളുത്ത മഷി കൊണ്ട് എഴുതിയിട്ടുണ്ട്.  17 മിനുട്ടാണ് വീഡിയോയുടെ ദൈര്‍ഘ്യം. ട്വിറ്റര്‍, വാട്‌സാപ്പ്, യൂട്യൂബ് വഴി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോയാണെന്ന ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും യഥാര്‍ഥ വീഡിയോയാണെന്ന് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് സ്ഥിരീകരണമുണ്ടായിട്ടുണ്ട്. മാനസികാഘാതം ഉണ്ടാക്കുന്ന വീഡിയോയാതിനാല്‍ ഇത് ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെയ്‌സ്ബുക്ക് ഇതിനോടകം തന്നെ വീഡിയോ നീക്കം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com