മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ പുതിയ നീക്കവുമായി അമേരിക്ക ; ചൈനയുടേത് ലജ്ജാകരമായ കാപട്യമെന്ന് ട്രംപ് ഭരണകൂടം

ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സഹകരണത്തോടെയാണ് പുതിയ പ്രമേയം തയ്യാറാക്കിയിട്ടുള്ളത്
മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ പുതിയ നീക്കവുമായി അമേരിക്ക ; ചൈനയുടേത് ലജ്ജാകരമായ കാപട്യമെന്ന് ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക് : ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ യുഎന്‍ സുരക്ഷാസമിതിയുടെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ പുതിയ നീക്കവുമായി അമേരിക്ക. ഇതിനുള്ള പ്രമേയം അമേരിക്ക തയ്യാറാക്കി. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സഹകരണത്തോടെയാണ് പുതിയ പ്രമേയം തയ്യാറാക്കിയിട്ടുള്ളത്. 

15 അംഗ രക്ഷാകൗണ്‍സിലില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണിത്. മസൂദ് അസറിന് ആയുധം എത്തുന്നത് തടയുക, ആഗോള യാത്രാ വിലക്ക്, സ്വത്തുക്കള്‍ മരവിപ്പിക്കല്‍ തുടങ്ങിയവ പ്രമേയത്തിലുണ്ട്. പ്രമേയം ബ്രിട്ടനും ഫ്രാന്‍സിനും അമേരിക്ക നല്‍കി. 

കഴിഞ്ഞ തവണ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ലോകരാജ്യങ്ങളുടെ നീക്കം ചൈന വീറ്റോ പ്രയോഗിച്ചതിലൂടെ നടപ്പായിരുന്നില്ല. എന്നാല്‍ ഇതിന് രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് അമേരിക്ക വീണ്ടും പ്രമേയം തയ്യാറാക്കുന്നത്. പ്രമേയത്തിനെ പിന്തുണയ്ക്കാന്‍ ചൈനയ്ക്ക് മേല്‍ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. 

അതിനിടെ ചൈനക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തി. ചൈനയുടേത് ലജ്ജാകരമായ ഹിപ്പോക്രസിയാണെന്ന് പോംപിയോ അഭിപ്രായപ്പെട്ടു. സ്വന്തം രാജ്യത്തെ 10 ലക്ഷത്തോളം മുസ്ലീങ്ങളെ ചൈന അടിച്ചമര്‍ത്തുകയാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ ഇസ്ലാം തീവ്രവാദ ഗ്രൂപ്പുകളെ, യു എന്‍ ഉപരോധത്തില്‍ നിന്ന് ചൈന സംരക്ഷിക്കുകയും ചെയ്യുന്നതായി മൈക്ക് പോംപിയോ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com