റംസാന്‍ മാസാരംഭത്തിന് മുന്‍പ് വീണ്ടും ഭീകരാക്രമണമെന്ന് മുന്നറിയിപ്പ്; ആശങ്കയില്‍ ശ്രീലങ്ക; സുരക്ഷ ശക്തമാക്കി

ഭീകരരില്‍ ചിലര്‍ പിടിയില്‍ പെടാതെ ഇപ്പോഴും ശ്രീലങ്കയിലുണ്ടെന്നാണ് സൂചന. ഇവര്‍ വീണ്ടും ആക്രമണത്തിനു ഒരുങ്ങുന്നതായാണ് സൂചന
റംസാന്‍ മാസാരംഭത്തിന് മുന്‍പ് വീണ്ടും ഭീകരാക്രമണമെന്ന് മുന്നറിയിപ്പ്; ആശങ്കയില്‍ ശ്രീലങ്ക; സുരക്ഷ ശക്തമാക്കി

കൊളംബോ; റംസാന്‍ മാസാരംഭത്തിന് മുന്‍പ് ശ്രീലങ്കയില്‍ വീണ്ടും ഭീകരാക്രമണമുണ്ടായേക്കാം എന്ന് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കി. മെയ് ആറിനാണ് ശ്രീലങ്കയില്‍ റംസാന്‍ ആരംഭിക്കുന്നത്. ഭീകരരില്‍ ചിലര്‍ പിടിയില്‍ പെടാതെ ഇപ്പോഴും ശ്രീലങ്കയിലുണ്ടെന്നാണ് സൂചന. ഇവര്‍ വീണ്ടും ആക്രമണത്തിനു ഒരുങ്ങുന്നതായാണ് സൂചന.

അതിനിടെ കൊളംബോയിലേക്ക് സ്‌ഫോടകവസ്തുക്കളുമായി കണ്ടെയ്‌നര്‍ ട്രക്കും വാനും നീങ്ങിയിട്ടുണ്ടെന്ന സൂചനകളെ തുടര്‍ന്ന് സൂചനകളെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നോര്‍ത്ത് സെന്‍ട്രല്‍ പ്രവിശ്യയിലെ സുങ്കവിളയില്‍ വീടിനോടു ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നിന്ന് വാനും അതിലുണ്ടായിരുന്ന 3 പേരെയും പൊലീസ് പിടികൂടി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, തമിഴ് അധ്യാപകന്‍ എന്നിവരടക്കം 106 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കത്തോലിക്ക സഭയുടെ ഏതാനും പള്ളികള്‍ തുറന്നു. അതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് ചൈനക്കാര്‍ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ട വിദേശികളുടെ എണ്ണം 42 ആയി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തെങ്കിലും തദ്ദേശ ഇസ്‌ലാമിക തീവ്രവാദി സംഘടനകളായ നാഷനല്‍ തൗഹീത് ജമാഅത്ത്, ജംഇയ്യത്തുല്‍ മില്ലത്ത് ഇബ്രാഹിം എന്നിവയാണ് ഇതിനു പിന്നിലെന്ന് സര്‍ക്കാര്‍ കരുതുന്നു. തൗഹീത് ജമാഅത്ത് സ്ഥാപകന്‍ സഹറാന്‍ ഹാഷിമാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും 9 ചാവേറുകളില്‍ ഇയാളും ഉള്‍പ്പെട്ടിരുന്നതായും സംശയിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com