വിവേചനം വേണ്ട, തുല്യജോലിക്ക് തുല്യ വേതനം ; സ്ത്രീകളെക്കാൾ പുരുഷൻമാർക്ക് കൂടുതൽ കൂലി നൽകിയാൽ ഇനി പിഴശിക്ഷ

2022 ഓടെ രാജ്യത്ത് നിലവിലുള്ള സ്ത്രീ പുരുഷ അസമത്വം ഇല്ലാതെയാക്കുകയെന്നതാണ് ഐസ്ലൻഡ് സർക്കാർ ലക്ഷ്യമിടുന്നത്.
വിവേചനം വേണ്ട, തുല്യജോലിക്ക് തുല്യ വേതനം ; സ്ത്രീകളെക്കാൾ പുരുഷൻമാർക്ക് കൂടുതൽ കൂലി നൽകിയാൽ ഇനി പിഴശിക്ഷ

റെയ്ക്യാവിക്‌ : തുല്യജോലിക്ക് തുല്യവേതനം നൽകിയില്ലെങ്കിൽ പിഴശിക്ഷ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം ഐസ്ലൻഡ് പാസാക്കി. സ്ത്രീകളെക്കാൾ പുരുഷൻമാർക്ക് കൂടുതൽ വേതനം നൽകുന്നതാണ് നിയമം മൂലം ഐസ്ലൻഡ് സർക്കാർ നിരോധിച്ചത്.

പുതുക്കിയ നിയമം അനുസരിച്ച് 25 ജോലിക്കാരിൽ കൂടുതൽ ഉള്ള കമ്പനികൾ തുല്യവേതനമാണ് കമ്പനി നൽകുന്നത് എന്ന സർക്കാർ സർട്ടിഫിക്കറ്റ് സ്വന്ത്രമാക്കിയിരിക്കണം. അല്ലാത്ത പക്ഷം കടുത്ത പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഒരു വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് നിയമം പാസാക്കിയിരിക്കുന്നത്.

2022 ഓടെ രാജ്യത്ത് നിലവിലുള്ള സ്ത്രീ പുരുഷ അസമത്വം ഇല്ലാതെയാക്കുകയെന്നതാണ് ഐസ്ലൻഡ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരമൊരു നിയമം കൊണ്ടു വരുന്നത് സജീവ പരി​ഗണനയിലാണെന്ന് 2017 ലെ വനിതാ ദിനത്തിൽ ഐസ്ലൻഡ് സർക്കാർ വെളിപ്പെടുത്തിയിരുന്നു. കൂലിയുടെ കാര്യത്തിൽ നിലനിൽക്കുന്ന അസമത്വം ഇല്ലാതാക്കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. ദശാബ്ദങ്ങളായി തുടരുന്ന ഈ അസമത്വം അവസാനിപ്പിക്കുന്നതിലൂടെ സ്ത്രീകൾക്ക് പ്രചോദനമേകാൻ ബാധ്യസ്ഥരാണെന്നും അന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. 323,000 ജനങ്ങളാണ് ഐസ്ലൻഡിൽ ഉള്ളത്. ലോക സാമ്പത്തിക ഫോറത്തിന്റെ കഴിഞ്ഞ ഒൻപത് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ലിം​ഗസമത്വത്തിൽ ഒന്നാം സ്ഥാനത്താണ് ഐസ്ലൻഡ്.

ഐസ്ലൻഡിലെ പാർലമെന്റേറിയൻസിൽ 50 ശതമാനം പേരും സ്ത്രീകളാണ്. സർക്കാരിന്റെ തീരുമാനത്തെ കരഘോഷത്തോടെയാണ് പ്രതിപക്ഷവും സ്വാ​ഗതം ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com