എവിടെ, പൊറോട്ട എവിടെ?; പാക് വിമാനകമ്പനിയുടെ ഹോം മെയ്ഡ് ഭക്ഷണത്തെ ട്രോളി യാത്രക്കാര്‍

പാക്കിസ്ഥാന്റെ പാരമ്പര്യ ഭക്ഷണങ്ങളില്‍ എന്നു മുതലാണ് സോസേജും ബീന്‍സും എത്തിയത് എന്നാണ് അവരുടെ ചോദ്യം
എവിടെ, പൊറോട്ട എവിടെ?; പാക് വിമാനകമ്പനിയുടെ ഹോം മെയ്ഡ് ഭക്ഷണത്തെ ട്രോളി യാത്രക്കാര്‍

ഹോം മെയ്ഡ് ഭക്ഷണങ്ങളോട് എല്ലാവര്‍ക്കും വല്ലാത്ത സ്‌നേഹമാണ്. ആ ടാഗ് ലൈന്‍ ഉണ്ടെങ്കില്‍ ആരായാലും ഒന്നു നോക്കിപ്പോകും. പുതിയ പരസ്യം പുറത്തിറക്കുമ്പോള്‍ പാക്കിസ്ഥാന്‍ വിമാനക്കമ്പനിയും ചിന്തിച്ചത് ഇതു തന്നെയാവാം. എന്നാല്‍ ഹോം മെയ്ഡില്‍ പൊതിഞ്ഞുണ്ടാക്കിയ പുതിയ പരസ്യം യാത്രക്കാര്‍ക്ക് തീരെ രസിച്ച മട്ടില്ല. വലിയ രീതിയിലുള്ള വിമര്‍ശനമാണ് പരസ്യത്തിന് നേരെ ഉയരുന്നത്. ഹോം മെയ്ഡ് എന്ന് പറഞ്ഞ് പാശ്ചാത്യ ഭക്ഷണം തന്ന് പറ്റിക്കുകയാണ് എന്നാണ് യാത്രക്കാര്‍ പറയുന്നത്. 

'നിങ്ങള്‍ക്ക് മിസ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ വീട്ടിലെ ഭക്ഷണം ഞങ്ങള്‍ വിളമ്പും. കുറച്ച് ഉപ്പും കരുമുളകും ചേര്‍ത്ത്. ഞങ്ങള്‍ നല്‍കുന്ന സ്വാദേറിയ ഭക്ഷണം നിങ്ങളുടെ രുചിമുകുളങ്ങളെ കൊതിപ്പിക്കും. മനോഹരമായ പ്രഭാതത്തെ അങ്ങനെ സ്വാഗതം ചെയ്യാം' പിഐഎയ്‌ക്കൊപ്പം പ്രഭാതഭക്ഷണം എന്ന ഹാഷ് ടാഗിലാണ് പരസ്യം വന്നിരിക്കുന്നത്. 

പരസ്യം വന്നതിന് പിന്നാലെ വിമര്‍ശനവുമായി യാത്രക്കാര്‍ രംഗത്തെത്തി. പാക്കിസ്ഥാന്റെ പാരമ്പര്യ ഭക്ഷണങ്ങളില്‍ എന്നു മുതലാണ് സോസേജും ബീന്‍സും എത്തിയത് എന്നാണ് അവരുടെ ചോദ്യം. വിമാനകമ്പനിക്ക് കുറച്ച് സാംസ്‌കാരിക പഠനം ആവശ്യമാണ് എന്നാണ് ചിലര്‍ പറയുന്നത്. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയല്‍ലൈന്‍സിന്റെ ട്വിറ്ററില്‍ വിമര്‍ശനങ്ങള്‍ നിറയുകയാണ്. 

ഹോം മെയ്ഡ് ഭക്ഷണം എന്നതിന്റെ അര്‍ത്ഥം കുറച്ച് മാറ്റണം എന്നാണ് ചിലരുടെ കമന്റ്. പരാജയമായ ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റ് എന്നാണ് വിലയിരുത്തല്‍. കാണുന്നതുപോലെ അല്ല കഴിക്കാന്‍ അതിലും മോശമാണെന്നും പറയുന്നവരുണ്ട്. എന്തായാലും രൂക്ഷ വിമര്‍ശനം വന്നതോടെ യഥാര്‍ത്ഥ ഹോം മേയ്ഡിലേക്ക് വിമാനകമ്പനി മാറുമോ എന്ന് കാത്തിരിക്കുകയാണ് യാത്രികര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com