പാകിസ്ഥാന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍ ; ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സാമ്പത്തികസഹായം നിര്‍ത്തലാക്കും 

 മസൂദ് അസ്ഹറിനെതിരായ നടപടി ദക്ഷിണേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള സുപ്രധാന ചുവടുവെപ്പെന്ന് അമേരിക്ക
പാകിസ്ഥാന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍ ; ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സാമ്പത്തികസഹായം നിര്‍ത്തലാക്കും 

ബ്രസല്‍സ് : പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന റിപ്പോര്‍ട്ടില്‍ യൂറോപ്യന്‍ യൂണിയന്‍ ആശങ്ക അറിയിച്ചു. ഇത്തരം നടപടികള്‍ ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനുള്ള സാമ്പത്തിക സഹായവും വാണിജ്യ പരിഗണനകളും നിര്‍ത്തിവെക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. 

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നല്‍കിയ കത്തിലാണ് 51 അംഗ യൂറോപ്യന്‍ പാര്‍ലമെന്റ് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തീവ്ര മതസംഘടനകള്‍ സര്‍ക്കാരിന്റെ കൂടി ഒത്താശയോടെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെയും അവരുടെ ആരാധനാലയങ്ങളും ആക്രമിക്കുന്നത് വര്‍ഷം തോറും വര്‍ധിക്കുകയാണ്. 

പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗക്കാരുടെ നേര്‍ക്കുള്ള  അതിക്രമങ്ങള്‍, ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയായ യൂണിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹൂമന്‍ റൈറ്റ്‌സിന്റെ ലംഘനമാണെന്നും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളിലെയും ഇപ്പോഴത്തെയും സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ തീവ്രമതസംഘടനകളുടെ ദ്രോഹത്തില്‍ ഉത്തരവാദികളാണെന്നും യൂറോപ്യന്‍ യൂണിയന്‍ അഭിപ്രായപ്പെടുന്നു. 

അതിനിടെ പാകിസ്ഥാനിലുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ നടപടിയെ അമേരിക്ക സ്വാഗതം ചെയ്തു. ദീര്‍ഘകാലമായി കാത്തിരുന്ന നടപടി അമേരിക്കന്‍ നയതന്ത്ര വിജയമാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ദക്ഷിണേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് യുഎന്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

യുഎന്നിലെ അംഗരാജ്യങ്ങളെല്ലാം മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നും, യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്നും, മസൂദിന്റെ സംഘടനയ്ക്ക് ആയുധങ്ങള്‍ എത്തുന്നത് തടയണമെന്നും യുഎന്നിലെ അമേരിക്കന്‍ വക്താവ് ആവശ്യപ്പെട്ടു. യുഎന്നിലെ എല്ലാ അംഗരാജ്യങ്ങളും ഈ കടമ നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com