മസൂദ് അസ്ഹറിന്റെ പ്രവർത്തനം പാക്കിസ്ഥാനിലും നിരോധിച്ചു; യാത്രകളും ഫണ്ട് വിനിയോ​ഗവും തടഞ്ഞു

 മസൂദ് അസ്ഹറിന്റെ പ്രവർത്തനം പാക്കിസ്ഥാനിലും നിരോധിച്ചു; യാത്രകളും ഫണ്ട് വിനിയോ​ഗവും തടഞ്ഞു

യാത്രകളും ഫണ്ട് വിനിയോഗവും തടഞ്ഞതിനൊടൊപ്പം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും മസൂദ് അസ്ഹറിന് വിലക്കേർപ്പെടുത്തി

ഇസ്ലാമാബാദ്: ആ​ഗോളഭീകരനായി യുഎൻ പ്രഖ്യാപിച്ചതിന് പിന്നാലെ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെതിരെ പാകിസ്ഥാനും നടപടിയെടുത്തു.  മസൂദ് അസ്ഹറിന്റെ പ്രവർത്തനം പാക്കിസ്ഥാനിലും നിരോധിച്ചു. യാത്രകളും ഫണ്ട് വിനിയോഗവും തടഞ്ഞതിനൊടൊപ്പം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും മസൂദ് അസ്ഹറിന് വിലക്കേർപ്പെടുത്തി. കഴിഞ്ഞദിവസമാണ് മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആ​ഗോള ഭീകരനായി പ്രഖ്യാപിച്ചത്.

മസൂദിനെതിരായ നടപടിയെ കഴിഞ്ഞ നാലു തവണയും എതിർത്ത ചൈന ഇത്തവണ എതിർവാദങ്ങൾ ഉന്നയിച്ചില്ല. ഇന്ത്യയുടെ വൻ നയതന്ത്ര വിജയമായാണു യുഎൻ നീക്കത്തെ വിലയിരുത്തുന്നത്.ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസ്ഹറിന്റെ സ്വത്ത് മരവിപ്പിക്കും. മസൂദിന്റെ കാര്യത്തിൽ നിലപാടു മാറ്റുന്നതിന് ഇന്ത്യയ്ക്കു പുറമേ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നി രാഷ്ട്രങ്ങളും ചൈനയ്ക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. മസൂദ് അസ്ഹർ തലവനായിട്ടുള്ള ജയ്ഷെ മുഹമ്മദാണ് 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ.

യുഎൻ നടപടിക്കായി ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീൻ ട്വിറ്ററിൽ പ്രതികരിച്ചു. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി യുഎന്‍ പ്രഖ്യാപിച്ചതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മിന്നലാക്രമണമാണെന്ന് ബിജെപി അവകാശപ്പെട്ടു. ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ ജയ്ഷെ മുഹമ്മദിനുള്ള പങ്ക് തെളിയിക്കുന്ന രേഖകളുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം ചൈന സന്ദർശിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com