കുരുവികളെ തൊട്ടു കളിക്കേണ്ട; അദാനിയുടെ കല്‍ക്കരി ഖനന പദ്ധതിക്ക് ഓസ്‌ട്രേലിയയില്‍ തിരിച്ചടി

വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ സംരക്ഷിച്ചുകൊണ്ട് കല്‍ക്കരി ഖനനം നടത്താനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതി ഓസ്‌ട്രേലിയ തള്ളി
കുരുവികളെ തൊട്ടു കളിക്കേണ്ട; അദാനിയുടെ കല്‍ക്കരി ഖനന പദ്ധതിക്ക് ഓസ്‌ട്രേലിയയില്‍ തിരിച്ചടി


ക്യൂന്‍സ് ലാന്‍ഡ്: വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ സംരക്ഷിച്ചുകൊണ്ട് കല്‍ക്കരി ഖനനം നടത്താനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതി ഓസ്‌ട്രേലിയ തള്ളി. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ് സംസ്ഥാനമാണ് അദാനിയുടെ പദ്ധതി തള്ളിയത്. വംശനാശ ഭീഷണി നേരിടുന്ന 'ബ്ലാക് ത്രോട്ടഡ് ഫഞ്ച്'  എന്ന കുരുവികളെ സംരക്ഷിക്കാനാണ് ക്യൂന്‍സ് ലാന്‍ഡ് സര്‍ക്കാരിന്റെ നടപടി. പക്ഷികളെ സംരക്ഷിക്കുന്നതിനൊപ്പം ഭൂഗര്‍ഭജല സംരക്ഷണത്തിനായി അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. 

കല്‍ക്കരി ഖനന പദ്ധതിക്ക് പ്രതികൂലമായി നിന്ന രണ്ടുകാര്യങ്ങളാണ് കുരുവികളുടെ സംരക്ഷണവും ഭൂഗര്‍ഭ ജലസംരക്ഷണവും. ഇവ രണ്ടും സംരക്ഷിക്കാനായി അദാനി രണ്ടു പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. എന്നാല്‍ കുരുവി സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതി ക്യൂന്‍സ് ലാന്‍ഡ് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചില്ല.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പക്ഷിവിഭാഗം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പ്രദേശമാണ് അദാനി ഖനനത്തിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ക്യൂന്‍സ് ലാന്‍ഡ് പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. പദ്ധതിയെക്കുറിച്ച് വീണ്ടും പഠിച്ചശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുണ്ടാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയന്‍ സിഇഒ പറഞ്ഞു. 

ഗൗതം അദാനിയുടെ ഉടമസ്ഥതിലുള്ള കമ്പനി 2010ലാണ് ക്യൂന്‍സ് ലാന്‍ഡില്‍ കല്‍ക്കരി ഖനന പദ്ധതി ആരംഭിച്ചത്. തുടക്കംമുതല്‍ തന്നെ ഇതിനെതിരെ കനത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഓസ്‌ട്രേലിയയിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന അനുമതികളെല്ലാം കരസ്ഥമാക്കിയ അദാനി, 2017 മധ്യത്തോടെ പദ്ധതിക്ക് തുടക്കമിടാനാണ് ഉദ്ദേശിച്ചിരുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിസ്ഥാന പണികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പുകളില്‍ നിന്നും അദാനിക്ക് കടുത്ത എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്. പദ്ധതി ആഗോള താപനത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുമെന്ന് ആരോപിച്ച പ്രതിഷേധക്കാര്‍, പദ്ധതിക്ക് ധനസഹായം നല്‍കുന്നതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അതില്‍ വിജയിക്കുകയും ചെയ്തിരുന്നു. അവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജര്‍മ്മനിയുടെ ഡ്യൂഷെ ബാങ്കും ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് ബാങ്കും പദ്ധതിക്ക് ധനസഹായം നല്‍കുന്നതില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com