പ്രധാനമന്ത്രിയാണ്, ആഴ്ചയില്‍ ഒരു ദിവസം ഡോക്ടറും; രോഗികളെ ചികിത്സിച്ചും സര്‍ജറി നടത്തിയും ലോതായ് ഷെറിങ്

എന്തിനാണ് ശനിയാഴ്ച ബാഗും തൂക്കി ആശുപത്രിയില്‍ വരുന്നതെന്ന് ചോദിച്ചാല്‍ ' ഇതൊരു സ്‌ട്രെസ് റിലീഫാണ്' എന്ന് വളരെ സിംപിളായൊരു മറുപടിയും നല്‍കി അദ്ദേഹം ചിരിക്കും
പ്രധാനമന്ത്രിയാണ്, ആഴ്ചയില്‍ ഒരു ദിവസം ഡോക്ടറും; രോഗികളെ ചികിത്സിച്ചും സര്‍ജറി നടത്തിയും ലോതായ് ഷെറിങ്

തിംബു: ഏഴര ലക്ഷത്തോളം വരുന്ന ഭൂട്ടാന്‍കാരുടെ പ്രധാനമന്ത്രിയാണ് ലോതായ് ഷെറിങ്. പക്ഷേ അതിന്റെ ഭാവമൊട്ടും ഇല്ലാതെയാണ് ശനിയാഴ്ചകളില്‍ നാഷണല്‍ റഫറല്‍ ആശുപത്രിയിലേക്ക് ഡോക്ടറുടെ കോട്ടും അണിഞ്ഞ് എത്തുന്നത്. പേരെടുത്ത സര്‍ജന്‍ കൂടിയാണ് ഭൂട്ടാന്‍ പ്രധാനമന്ത്രി. പ്രധാനമന്ത്രിയായിട്ടും എന്തിനാണ് ശനിയാഴ്ച ബാഗും തൂക്കി ആശുപത്രിയില്‍ വരുന്നതെന്ന് ചോദിച്ചാല്‍ ' ഇതൊരു സ്‌ട്രെസ് റിലീഫാണ്' എന്ന് വളരെ സിംപിളായൊരു മറുപടിയും നല്‍കി അദ്ദേഹം ചിരിക്കും. ചിലരൊക്കെ ഗോള്‍ഫ് കളിക്കില്ലേ, മറ്റുള്ളവര്‍ക്ക് മറ്റുപലതുമാവാം താത്പര്യം. പക്ഷെ എനിക്കിതാണിഷ്ടമെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കും.

ജനാധിപത്യ രാജ്യമായി മാറിയ ഭൂട്ടാന്റെ മൂന്നാമത്തെ പ്രധാനമന്ത്രി കൂടിയാണ് 50 കാരനായ ഷെറിങ്. 

വ്യാഴ്ചകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ക്ലാസെടുക്കാന്‍ ആണ് ഷെറിങ് സമയം
 ചെലവഴിക്കുക. ഞായറാഴ്ചകള്‍ കുടുംബത്തിനായി മാത്രം അദ്ദേഹം നീക്കിവച്ചിട്ടുമുണ്ട്. ആരോഗ്യരംഗത്തെ ഏറ്റവും മികച്ചതാക്കുമെന്ന പ്രതിജ്ഞയോടെയാണ് താന്‍ അധികാരത്തിലേറിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മരണം വരെ ഭൂട്ടാനിലെ ആശുപത്രികള്‍ക്ക് തന്റെ സേവനം ലഭിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കുന്നു. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും ശിശുമരണനിരക്ക് കുറയ്ക്കുന്നതിനും പലതരം പകര്‍ച്ച വ്യാധികളെ തടയുന്നതിനും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്. 

സാമ്പത്തിക വളര്‍ച്ചയെക്കാള്‍ രാജ്യത്തിന്റെ പുരോഗതി അവരുടെ പൗരന്‍മാരുടെ സന്തോഷത്തിലാണെന്ന് വിശ്വസിക്കുകയും അത് കണക്കിലെടുക്കാന്‍ ഗ്രോസ് നാഷണല്‍ ഹാപ്പിനസ് കൊണ്ട് വരികയും ചെയ്ത ആദ്യ രാജ്യം കൂടിയാണ് ഭൂട്ടാന്‍. ബുദ്ധ രാജ്യമായത് കൊണ്ട് തന്നെ ശാന്തമായും സമാധാനമായും ഒഴുകാനാണ് സര്‍ക്കാരും ജനങ്ങളും താത്പര്യപ്പെടുന്നത്. ട്രാഫിക് ലൈറ്റുകളും പുകയില ഉത്പന്നങ്ങളും ഭൂട്ടാനില്‍ കണ്ടെത്താനാവില്ല. കാര്‍ബണ്‍ നെഗറ്റീവ് രാജ്യമായ ഭൂട്ടാന്‍ അതിന്റെ ഭൂപ്രകൃതിയുടെ 60 ശതമാനവും വനമായി സംരക്ഷിക്കുമെന്ന് ഭരണഘടനയില്‍ ഉറപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com