സൗദിയുടെ പമ്പിങ് സ്‌റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം; പിന്നില്‍ ഭീകരവാദികളെന്ന്‌ ഓയില്‍ ഭീമന്‍

കിഴക്കു പടിഞ്ഞാറന്‍ എണ്ണ പൈപ്പ് ലൈനിലെ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്
സൗദിയുടെ പമ്പിങ് സ്‌റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം; പിന്നില്‍ ഭീകരവാദികളെന്ന്‌ ഓയില്‍ ഭീമന്‍

റിയാദ്; സൗദി അറേബ്യയിലെ രണ്ട് ഓയില്‍ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. കിഴക്കു പടിഞ്ഞാറന്‍ എണ്ണ പൈപ്പ് ലൈനിലെ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് സൗദി പറയുന്നത്. യുഎഇയില്‍ വെച്ച് സൗദി ഓയില്‍ ടാങ്കര്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഡ്രോണ്‍ ആക്രമണത്തിന്റെ വാര്‍ത്തകള്‍ വരുന്നത്. 

ആക്രമണത്തില്‍ പമ്പിങ് സ്റ്റേഷനുകളില്‍ ചെറിയ രീതിയില്‍ തീപ്പിടുത്തമുണ്ടാവുകയും പമ്പിങ് സ്‌റ്റേഷന് തകരാറുകള്‍ സംഭവിക്കുകയും ചെയ്തു.സൗദിയിലെ കിഴക്കന്‍ മേഖലയില്‍നിന്ന് യമ്പൂ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിലെ എട്ട്, ഒമ്പത് നമ്പര്‍ പമ്പിങ് സ്‌റ്റേഷനുകളിലാണ് ആക്രമിക്കപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പൈപ്പ്‌ലൈന്‍ വഴിയുള്ള എണ്ണനീക്കം സൗദി അരാംകോ നിര്‍ത്തിവെച്ചു. പമ്പിങ് സ്‌റ്റേഷനിലെ തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 

പമ്പിങ് സ്‌റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ആക്രമണം തീവ്രവാദ ആക്രമണമാണെന്ന് സൗദി ഊര്‍ജ്ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് സ്ഥിരീകരിച്ചു. ഇറാന്‍ പിന്തുണയോടെ യമന്‍ ഭീകരവാദികളായ ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൗദി പറയുന്നത്. ഇത് രാജ്യത്തെ മാത്രം ലക്ഷ്യംവെച്ചുള്ള തീവ്രവാദ നീക്കമല്ലെന്നും മറിച്ച് അറേബ്യന്‍ ഗള്‍ഫ് മേഖലയെയും ലോകത്തെ എണ്ണ വിതരണ സുരക്ഷയെയും അട്ടിമറിക്കാനുള്ള ശ്രമമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ആക്രമണങ്ങളെ എല്ലാ നിലയിലും പ്രതിരോധിക്കേണ്ടതുണ്ടെന്നും ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com