ആറ് മാസത്തിനിടെ ഗര്‍ഭഛിദ്ര ഗുളികകള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് 21,000 സ്ത്രീകള്‍ ; സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വിദഗ്ധര്‍

33 മുതല്‍ 50 ശതമാനം വരെ സ്ത്രീകള്‍ ഇ മെയില്‍ വഴി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍
ആറ് മാസത്തിനിടെ ഗര്‍ഭഛിദ്ര ഗുളികകള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് 21,000 സ്ത്രീകള്‍ ; സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വിദഗ്ധര്‍


ന്യൂയോര്‍ക്ക് : ആറ് മാസത്തിനിടെ 21,000ത്തിലേറെ സ്ത്രീകള്‍ ഓണ്‍ലൈന്‍ വഴി ഗര്‍ഭഛിദ്ര ഗുളികകള്‍ വാങ്ങിയ സംഭവത്തില്‍ യുഎസില്‍ അന്വേഷണം. 'എയ്ഡ് ആക്‌സസ്' എന്ന സന്നദ്ധ സംഘടന നടത്തിയ അന്വേഷണത്തില്‍ ആണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ കണ്ടെത്തിയത്.

ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി കുറിച്ച് നല്‍കാന്‍ അംഗീകാരമുള്ള യൂറോപ്യന്‍ സംഘടനയാണ് എയ്ഡ് ആക്‌സസ്. ഇന്ത്യയിലെ ഫാര്‍മസിയില്‍ നിന്നാണ് ആവശ്യക്കാര്‍ക്കുള്ള മരുന്നുകള്‍ എയ്ഡ് ആക്‌സസ് എത്തിക്കുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളാണ് സംഘടന പുറത്ത് വിട്ടത്. 33 മുതല്‍ 50 ശതമാനം വരെ സ്ത്രീകള്‍ ഇ മെയില്‍ വഴി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ സംഘടന വ്യക്തമാക്കി. 

ഗര്‍ഭഛിദ്രം നിയമം മൂലം നിരോധിച്ച യുഎസ് സംസ്ഥാനങ്ങളിലേക്കാണ് കൂടുതല്‍ ഗുളികകള്‍ അയച്ചതെന്നും സംഘടന വെളിപ്പെടുത്തി. ഗുളികകള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളെ കുറിച്ചും സ്ത്രീകള്‍ ഇവരോട് പങ്കുവച്ചെന്നും പലരും തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും സംഘടന വ്യക്തമാക്കി. 

സര്‍ക്കാര്‍ അനുവദിക്കാത്തതിനാലാണ് ജീവന്‍ അപകടത്തിലാക്കിയും സ്ത്രീകള്‍ ഇത്തരം റിസ്‌കെടുക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 10 ആഴ്ച വരെ പ്രായമായ ഭ്രൂണത്തെ ഇല്ലാതാക്കാനുള്ള ഗുളികകള്‍ ആണ് എയ്ഡ് ആക്‌സസ് ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ഗുളികകള്‍ കഴിച്ച് ഗര്‍ഭഛിദ്രം നടത്തുന്നതിലൂടെ സ്ത്രീകളുടെ ജീവന്‍ തന്നെ അപകടത്തിലാണ്. സര്‍ക്കാര്‍ അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞയാഴ്ചയാണ് ഗര്‍ഭഛിദ്രം നിരോധിച്ച് അലബാമ നിയമം പാസാക്കിയത്. ഇതോടെ ഗര്‍ഭഛിദ്രം  നിരോധിക്കുന്ന നാലാമത്തെ യുഎസ് സംസ്ഥാനമായി അലബാമ മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com