ഗോതബായ രജപക്‌സെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്; ജാഗ്രതയോടെ ഇന്ത്യ

രീലങ്ക പൊതുജന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച രജപക്‌സെ 54 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയിച്ചതെന്ന് പാര്‍ട്ടി വക്താവ് അവകാശപ്പെട്ടു
ഗോതബായ രജപക്‌സെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്; ജാഗ്രതയോടെ ഇന്ത്യ

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗോതബായ രജപക്‌സെയ്ക്ക് വിജയം. ശ്രീലങ്ക പൊതുജന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച രജപക്‌സെ 54 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയിച്ചതെന്ന് പാര്‍ട്ടി വക്താവ് അവകാശപ്പെട്ടു. 269 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടന്ന് ഏഴുമാസത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്.

മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സഹോദരനും  മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതബായ രജപക്‌സെ എല്‍ടിടിഇയെ അമര്‍ച്ച ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. നാളെയോ മറ്റന്നാളോ പ്രസിഡന്റായി ഗോതബായ രജപക്‌സെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. സിംഹളര്‍ക്ക് ഭൂരിപക്ഷമുളള പ്രദേശങ്ങളില്‍ ഗോതബായ രജപക്‌സെയ്ക്ക് അനുകൂലമായ തരംഗം ഉണ്ടായതായണ് റിപ്പോര്‍ട്ടുകള്‍.മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യുപിഐ) സജിത്ത് പ്രേമദാസയാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെയുളള കണക്കനുസരിച്ച് 45.3 ശതമാനം വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്. അന്തിമ വിധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസമുണ്ടാകും.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധക്കാലത്താണ് ഗോതബായ പ്രതിരോധ സെക്രട്ടറിയായിരുന്നത് . മഹിന്ദ രാജപക്‌സെയ്‌ക്കൊപ്പം തമിഴ് പുലികളെ തകര്‍ത്ത് 26 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതില്‍ ഗോതബായ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ഭൂരിപക്ഷമായ സിംഹള ബുദ്ധിസ്റ്റുകള്‍ക്കിടയില്‍ ഗോതബായയ്ക്ക് താരപരിവേഷം നല്‍കുന്നു. അധികാരത്തിലെത്തിയാല്‍ ഭീകരവാദത്തിനെതിരേ പൊരുതുമെന്നും ആഭ്യന്തരസുരക്ഷ ഏറ്റവും പ്രാധാന്യമുള്ള വിഷയമാക്കുമെന്നും ഗോതബായ പ്രഖ്യാപിച്ചിട്ടുമുണ്ട്.

മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ് നിലവില്‍ വിക്രമസിംഗെ മന്ത്രിസഭയില്‍ ഭവനവകുപ്പ് മന്ത്രിയായ സജിത്ത് പ്രേമദാസ. ഗോതബായയുടെ വരവ് ഭീതിയോടെ കാണുന്നതിനാല്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ സജിത്തിനായിരുന്നു. രാജ്യത്തെ തമിഴ് വംശജരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ പാര്‍ട്ടിയായ തമിഴ് ദേശീയ സഖ്യം സജിത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.. രാജ്യത്തെ ജനസംഖ്യയില്‍ 12.6 ശതമാനമാണ് തമിഴ് വംശജര്‍. മുസ്ലിം സമുദായം 9.7 ശതമാനവും. അതേസമയം, ഏപ്രിലില്‍ നടന്ന ഭീകരാക്രമണം തടയാന്‍ സജിത്ത് പ്രേമദാസയുടെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നാതിയുരന്നു ഗോതബായയുടെ പ്രധാന പ്രചാരണായുധവും.

ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. ഗോതബായയാണ് വിജയം ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്. മഹിന്ദ രജപക്‌സെയ്ക്കും ഗോതബായയ്ക്കും ചൈനയോടുള്ള ചായ്‌വാണ് ഇതിനു കാരണം. മഹിന്ദ രജപക്‌സെ പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ത്യയുടെ അറിവില്ലാതെ ചൈനയുടെ രണ്ട് മുങ്ങിക്കപ്പലുകളെ ശ്രീലങ്കന്‍ തുറമുഖത്തു വിന്യസിക്കാന്‍ അദ്ദേഹം അനുമതി നല്‍കിയിരുന്നു. ശ്രീലങ്കന്‍ തുറമുഖങ്ങളുടെയും റോഡുകളുടെയും നിര്‍മാണത്തിനും ചൈന വായ്പ അനുവദിച്ച് കടക്കെണിയില്‍ കുരുക്കുകയും ഹംബന്‍ടോട്ട തുറമുഖം പാട്ടത്തിനെടുക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com