ആയിരക്കണക്കിന് മണിക്കൂറുകള്‍ വരുന്ന കുട്ടികളുടെ 2.5ലക്ഷം നഗ്നദൃശ്യങ്ങള്‍, വീഡിയോ പകര്‍ത്താന്‍ ക്രൂരമായ പീഡനം, കോടികളുടെ ബിറ്റ്‌കോയിന്‍ ഇടപാട്; വെല്‍കം ടു വീഡിയോ പൂട്ടി; 38 രാജ്യങ്ങളില്‍ 337 അറസ്റ്റ്

ലോകത്തെ ഭയപ്പെടുത്തിയിരുന്ന ഏറ്റവും വലിയ ചൈല്‍ഡ് പോര്‍ണോഗ്രഫി വെബ്‌സൈറ്റുകളിലൊന്നായ 'വെല്‍കം ടു വിഡിയോ'ക്കു പൂട്ടുവീണു
ആയിരക്കണക്കിന് മണിക്കൂറുകള്‍ വരുന്ന കുട്ടികളുടെ 2.5ലക്ഷം നഗ്നദൃശ്യങ്ങള്‍, വീഡിയോ പകര്‍ത്താന്‍ ക്രൂരമായ പീഡനം, കോടികളുടെ ബിറ്റ്‌കോയിന്‍ ഇടപാട്; വെല്‍കം ടു വീഡിയോ പൂട്ടി; 38 രാജ്യങ്ങളില്‍ 337 അറസ്റ്റ്

വാഷിങ്ടണ്‍: ലോകത്തെ ഭയപ്പെടുത്തിയിരുന്ന ഏറ്റവും വലിയ ചൈല്‍ഡ് പോര്‍ണോഗ്രഫി വെബ്‌സൈറ്റുകളിലൊന്നായ 'വെല്‍കം ടു വിഡിയോ'ക്കു പൂട്ടുവീണു. 2015 ജൂണില്‍ ആരംഭിച്ച്, ബിറ്റ്‌കോയിന്‍ ഉപയോഗിച്ചു പ്രവര്‍ത്തിച്ചിരുന്ന രഹസ്യ സൈറ്റിന്റെ അഡ്മിനിസ്‌ട്രേറ്ററായ ദക്ഷിണ കൊറിയ സ്വദേശി ജോങ് വൂ സണ്ണിനെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ സൈറ്റിലെ അംഗങ്ങളായ 337 പേരെ 38 രാജ്യങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 92പേര്‍ നിരീക്ഷണത്തിലാണ്. പോര്‍ണോഗ്രഫി വിഡിയോക്കായി ക്രൂരമായ ലൈംഗിക ആക്രമണങ്ങള്‍ക്കു വിധേയരായിരുന്ന 23 കുട്ടികളെ യുഎസ്, സ്‌പെയിന്‍, യുകെ എന്നീ രാജ്യങ്ങളില്‍നിന്നു കണ്ടെത്തി രക്ഷിച്ചു. രണ്ടിനും നാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങളാണു സൈറ്റില്‍ ഏറെയുണ്ടായിരുന്നത്.

ദക്ഷിണ കൊറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈറ്റില്‍ ഞെട്ടിപ്പിക്കുന്ന രണ്ടരലക്ഷം വീഡിയോകളാണുളളത്.ആയിരക്കണക്കിനു മണിക്കൂറുകള്‍ വരുന്ന എട്ടു ടെറാബൈറ്റ് ബാല ലൈംഗിക ദൃശ്യങ്ങളാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന്, പണം വാങ്ങിയുള്ള ലൈംഗികത  തുടങ്ങിയ അനധികൃത ഇടപാടുകള്‍ക്കു കുപ്രസിദ്ധി നേടിയ 'സില്‍ക്ക് റോഡ്' എന്ന സൈറ്റ് 2013ല്‍ പൂട്ടിയശേഷം തഴച്ചുവളര്‍ന്നതാണു വെല്‍കം ടു വിഡിയോ. അതീവരഹസ്യ സ്വഭാവത്തിലും സാങ്കേതിക സുരക്ഷയിലും പ്രവര്‍ത്തിച്ചിരുന്ന സൈറ്റിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ ജോങ് വൂ സണ്ണിന്റെ ചില പിഴവുകളും സഹായമായെന്നു യുഎസ് അധികൃതര്‍ പറഞ്ഞു.

 2018 മാര്‍ച്ചിലാണു വെല്‍കം ടു വിഡിയോ സൈറ്റ് യുഎസ് അധികൃതരുടെ നിരീക്ഷണത്തിലായത്.മുതിര്‍ന്നവരുടെ ലൈംഗികദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യരുതെന്ന നിര്‍ദേശത്തോടെയാണു സൈറ്റില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നതെന്നു യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.'പ്രീടീന്‍ ഹാര്‍ഡ്‌കോര്‍', 'പീഡോഫൈല്‍' തുടങ്ങിയ കീവേര്‍ഡുകള്‍ ഉപയോഗിച്ചിട്ടുള്ളതും മറ്റെവിടെയും ലഭ്യമല്ലാത്തതുമായ 2.5 ലക്ഷത്തിലധികം വിഡിയോ ഫയലുകളാണ് കണ്ടെത്തിയത്.

ലക്ഷക്കണക്കിനു പ്രാവശ്യം ഇവ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരുന്നു. ലോകമാകെ വലവിരിച്ചു കുട്ടികളുടെ ദൃശ്യങ്ങള്‍ ദുരുപയോഗിക്കുന്നതിനെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണു വെളിപ്പെട്ടത്. യുഎസിനൊപ്പം കൊറിയ, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കൈകോര്‍ത്താണു രഹസ്യാത്മക സൈറ്റിന്റെ വേരുകള്‍ തേടിയിറങ്ങിയത്. അനധികൃത ബിറ്റ്‌കോയിന്‍ ഇടപാടുകളിലൂടെയാണു സൈറ്റിലെ അംഗങ്ങള്‍ ബാലലൈംഗിക ദൃശ്യങ്ങള്‍ അപ്!ലോഡും ഡൗണ്‍ലോഡും ചെയ്തിരുന്നത്.

'അജ്ഞാതരായ' അംഗങ്ങളെക്കുറിച്ചും കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നത് എങ്ങനെയെന്നതും കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘങ്ങള്‍ക്കുമുന്നിലുള്ള വെല്ലുവിളി. കൊറിയന്‍ നാഷനല്‍ പൊലീസ്, ബ്രിട്ടിഷ്, യുഎസ് അധികൃതര്‍ എന്നിവര്‍ സംയുക്തമായാണ്  വെല്‍കം ടി വിഡിയോ സൈറ്റിന്റെ രഹസ്യവല ഭേദിച്ചത്.

23 വയസ്സുള്ള ജോങ് വൂ സണ്‍ ആണ് സൈറ്റ് നടത്തിയിരുന്നതെന്നു കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു. ബാല ലൈംഗികതയുമായി ബന്ധപ്പെട്ട ഗൂഢാലോചന, നിര്‍മാണം, പരസ്യം, വിതരണം, പണം കൈമാറ്റം തുടങ്ങിയ ഒന്‍പതു കുറ്റങ്ങളാണു സണ്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 24 ബിറ്റ്‌കോയിന്‍ അക്കൗണ്ടുകള്‍ പിടിച്ചെടുക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങി. ദക്ഷിണ കൊറിയയില്‍ അറസ്റ്റിലായ സണ്‍ 18 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്.

മുന്‍ഗാമികളെപ്പോലെ ടോര്‍ വെബ് ബ്രൗസറിലൂടെ ഒളിഞ്ഞിരുന്നാണു വെല്‍കം ടു വിഡിയോ പ്രവര്‍ത്തിച്ചിരുന്നത്. സൈറ്റിന്റെ ലൊക്കേഷന്‍, ആരെല്ലാം സൈറ്റില്‍ കയറി, അംഗങ്ങള്‍ എവിടെനിന്നുള്ളവരാണ് തുടങ്ങിയ കാര്യങ്ങളൊന്നും കണ്ടുപിടിക്കാനാവില്ല എന്നതാണു ടോര്‍ വെബിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ക്കു സൗജന്യമായി സൈറ്റില്‍ കയറി അക്കൗണ്ട് സൃഷ്ടിക്കാം. കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ദൃശ്യങ്ങള്‍ ചേര്‍ക്കാനും എടുക്കാനും സാധിക്കും. അപ്‌ലോഡ്, ഡൗണ്‍ലോഡ് എന്നിവയ്ക്കു നിശ്ചിത പോയിന്റുകള്‍ കണക്കാക്കിയായിരുന്നു ബിറ്റ്‌കോയിന്‍ കൈമാറ്റം. മൂന്നുവര്‍ഷം കൊണ്ട് ആയിരക്കണക്കിനു ഇടപാടുകളിലൂടെ 3.53 ലക്ഷം ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിന്‍ ആണു സൈറ്റ് സ്വന്തമാക്കിയത്.

'ഡാര്‍ക്ക് വെബ്' വഴി അശ്ലീല ചിത്രങ്ങളും മറ്റും കൈമാറിയതിനു 25 വര്‍ഷം തടവുശിക്ഷ ലഭിച്ച ഇംഗ്ലണ്ട് സ്വദേശിയായ പീഡോഫൈല്‍ മാത്യു ഫാഡറിന്റെ കേസ് അന്വേഷിക്കുന്നതിനിടെയാണു വെല്‍കം ടു വിഡിയോ സൈറ്റ് ശ്രദ്ധയില്‍പ്പെട്ടത്. യുകെയില്‍ ഈ സൈറ്റുമായി ബന്ധപ്പെട്ട് ഏഴു പേര്‍ അറസ്റ്റിലായി. അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ 22 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട കൈല്‍ ഫോക്‌സ്, മൂന്നു വയസ്സുകാരിയെ പീഡിപ്പിക്കുന്ന വിഡിയോ ആണ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com