ഇതാ കെ-9; ബാ​ഗ്ദാദിയെ പിന്തുടർന്നു പിടികൂടിയ ഹീറോ, ഒറ്റ രാത്രി കൊണ്ട് താരമായ അമേരിക്കൻ സേനാ നായയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്

ബ​ഗ്ദാദിയെ പിടികൂടുന്നതിൽ മഹത്തായ സേവനം ചെയ്ത നായ എന്ന കുറിപ്പോടെയാണ് ട്രംപ് ചിത്രം ട്വീറ്റ് ചെയ്തത്
ഇതാ കെ-9; ബാ​ഗ്ദാദിയെ പിന്തുടർന്നു പിടികൂടിയ ഹീറോ, ഒറ്റ രാത്രി കൊണ്ട് താരമായ അമേരിക്കൻ സേനാ നായയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്

വാഷിങ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ
ര​ഹസ്യ താവളത്തിലേക്കു പിന്തുടർന്നു പിടികൂടിയ അമേരിക്കൻ സൈനിക നായയുടെ ചിത്രം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തുവിട്ടു. ബ​ഗ്ദാദിയെ പിടികൂടുന്നതിൽ മഹത്തായ സേവനം ചെയ്ത നായ എന്ന കുറിപ്പോടെയാണ് ട്രംപ് ചിത്രം ട്വീറ്റ് ചെയ്തത്.  

സിറിയയിലെ അമേരിക്കൻ സൈനിക നീക്കത്തിനിടെ ഓടി ഒളിക്കാൻ ശ്രമിച്ച ബാ​ഗ്ദാദിയെ നായയാണ് പിന്തുടർന്നു പിടികൂടിയതെന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവിടെ വച്ച് മൂന്ന് മക്കൾക്കൊപ്പം ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു. സ്ഫോടനത്തിൽ നായയ്ക്കും ചെറിയ പരുക്കേറ്റു. നായയുടെ പേര് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.

ബഗ്ദാദിയെ കൊലപ്പെടുത്തിയ സൈനിക നടപടിയിൽ നായ വലിയ പങ്കുവഹിച്ചതായി ജനറൽ മാർക്ക് മില്ലിയും പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത്  നായയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടില്ലെന്നാണ് മാർക്ക് മില്ല പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് ചിത്രം പുറത്തുവിട്ടത്. 

'ഭീകരതയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ളയാളെ ശനിയാഴ്ച രാത്രി അമേരിക്ക ഇല്ലാതാക്കിയിരിക്കുന്നു. ലോകത്തെ ഏറ്റവും ക്രൂരമായ ഭീകര സംഘടനയായ ഐഎസിന്റെ സ്ഥാപക തലവനു വേണ്ടി യുഎസ് വര്‍ഷങ്ങളായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇയാളെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുകയെന്നതായിരുന്നു ഭരണകൂടത്തിന്റെ ലക്ഷ്യം.- ബാ​ഗ്ദാദിയെ പിടികൂടിയ വിവരം അറിയിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ ഇങ്ങനെയായിരുന്നു ട്രംപിന്റെ വാക്കുകൾ. 

സിറിയ-തുര്‍ക്കി അതിര്‍ത്തി ഇദ്‌ലിബില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. സിറിയക്കു വിട്ടുകൊടുക്കാതെ ഐഎസ് കയ്യടക്കി വച്ചിരുന്ന അപൂര്‍വം പ്രദേശങ്ങളിലൊന്നായിരുന്നു ഇദ്‌ലിബ്. ഇവിടത്തെ കെട്ടിടങ്ങളിലൊന്നില്‍ കുടുംബത്തോടെയായിരുന്നു ബഗ്ദാദിയുടെ ജീവിതം. പ്രദേശത്ത് യുഎസിന്റെ ഡെല്‍റ്റ ഫോഴ്‌സ് സംഘം ഹെലികോപ്ടറുകളിലെത്തി താഴേക്ക് ഇറങ്ങുകയായിരുന്നു. ആദ്യം കെട്ടിടത്തിനു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. 

പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളും സേനാ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവയ്‌ക്കൊപ്പം കമാന്‍ഡോകള്‍ ബഗ്ദാദിയുടെ താവളം ലക്ഷ്യമാക്കി കുതിച്ചു. ഇതിനിടയില്‍ ഒരു തുരങ്കത്തിലേക്ക് മൂന്നു കുട്ടികളുമായി കടക്കുകയായിരുന്നു ബാഗ്ദാദി. ഇതു കണ്ട നായ്ക്കള്‍ പിന്നാലെയോടി. ഓടുന്നതിനിടെ വഴിനീളെ ബഗ്ദാദി ഉറക്കെ കരയുകയായിരുന്നു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുമ്പോഴേക്കും ബാഗ്ദാദിയെ നായ്ക്കള്‍ പിടികൂടി. അതിനിടെ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. 

കെട്ടിടത്തില്‍ നിന്ന് ഇറങ്ങിയോടിയവരുടെ കൂട്ടത്തില്‍ ബഗ്ദാദി മാത്രമാണ് തുരങ്കത്തിലേക്ക് കടന്നത്. പിടിക്കപ്പെടുമെന്നുറപ്പായതോടെ ദേഹത്തു കെട്ടിവച്ച സ്‌ഫോടക വസ്തു പ്രവര്‍ത്തിപ്പിച്ചു സ്വയം പൊട്ടിത്തെറിച്ചു. മൂന്നു കുഞ്ഞുങ്ങളെയും ചേര്‍ത്തു നിര്‍ത്തിയായിരുന്നു ഇയാള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചു. തുരങ്കം ഇടിഞ്ഞു ദേഹത്തേക്കു വീഴുകയും ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്ന 11 കുട്ടികളെ ആദ്യമേ തന്നെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. പോരാട്ടത്തിനൊടുവില്‍ അവിടെ നിന്നു പോകുമ്പോള്‍ ഒട്ടേറെ വിലപ്പെട്ട വിവരങ്ങളും ലഭ്യമായതായി ട്രംപ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com