'നിങ്ങളുടെ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു' ; ഐഎസ്ആര്‍ഒയെ പ്രശംസിച്ച് നാസ

'നിങ്ങളുടെ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു' ; ഐഎസ്ആര്‍ഒയെ പ്രശംസിച്ച് നാസ

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍2 ദൗത്യത്തെ പ്രശംസിക്കുന്നു

വാഷിങ്ടണ്‍: ചന്ദ്രയാന്‍ 2 പൂര്‍ണ ലക്ഷ്യം കൈവരിച്ചില്ലെങ്കിലും, ദൗത്യത്തില്‍  ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു. 

'ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍2 ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. വരുംകാല ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കാം എന്നു പ്രതീക്ഷിക്കുന്നു', നാസയുടെ ട്വീറ്റില്‍ പറയുന്നു.

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍നിന്ന് അവസാന നിമിഷം തെന്നിമാറുകയായിരുന്നു. ജൂലായ് 22നു വിക്ഷേപിച്ച ചന്ദ്രയാന്‍2 നാലുലക്ഷം കിലോമീറ്ററോളംതാണ്ടി ശനിയാഴ്ച പുലര്‍ച്ചെ 1.38ന് ചന്ദ്രനില്‍നിന്ന് 30 കിലോമീറ്റര്‍ ഉയരത്തിലെത്തിയിരുന്നു. തുടര്‍ന്ന് ദക്ഷിണധ്രുവം ലക്ഷ്യമാക്കി 'വിക്രം' ലാന്‍ഡറിനെ ഇറക്കാനായിരുന്നു ശ്രമം. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ശ്രമത്തിനിടെ ലാന്‍ഡര്‍ നിശ്ചയിച്ച പഥത്തില്‍നിന്ന് തെന്നിമാറി, ചന്ദ്രോപരിതലത്തിന് 2.10 കി.മീ. ദൂരെവെച്ച് ആശയവിനിമയം നഷ്ടമാവുകയുമായിരുന്നു.

ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രയാന്‍ 2 ദൗത്യം പരാജയമല്ലെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ദൗത്യം 90 മുതല്‍ 95 ശതമാനംവരെ വിജയംകണ്ടു. നിലവില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന് ഇതിന്റെ സംഭാവന തുടരും. ഇത് ഏറ്റവും മികവാര്‍ന്ന ചിത്രങ്ങള്‍ ലഭ്യമാക്കും. നേരത്തെ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഓര്‍ബിറ്ററിന് ഏഴ് വര്‍ഷം കാലാവധി ലഭിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com