യോജിച്ച് പോകാനാകുന്നില്ല ; ബോള്‍ട്ടനും പുറത്ത് ; ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്

ബോള്‍ട്ടന്റെ സേവനം ഇനി മുതല്‍ ആവശ്യമില്ലെന്ന് അറിയിച്ചതായും പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ അടുത്ത ആഴ്ച നിയമിക്കുമെന്നും ട്രംപ്
യോജിച്ച് പോകാനാകുന്നില്ല ; ബോള്‍ട്ടനും പുറത്ത് ; ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്

വാഷിങ്ടണ്‍ : യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബൊള്‍ട്ടനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. 'ബോള്‍ട്ടന്റെ പല നിര്‍ദ്ദേശങ്ങളോടും യോജിക്കാനാകുന്നില്ല' എന്ന വിശദീകരണത്തോടെയാണ് ബോള്‍ട്ടനെ പുറത്താക്കിയതായി ട്രംപ് അറിയിച്ചത്. ബോള്‍ട്ടന്റെ സേവനം ഇനി മുതല്‍ വൈറ്റ് ഹൗസിന് ആവശ്യമില്ലെന്ന് അദ്ദേഹത്തെ അറിയിച്ചതായും പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ അടുത്ത ആഴ്ച നിയമിക്കുമെന്നും ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി. 

നയപരമായ തീരുമാനങ്ങളിലെ ഭിന്നതകളാണ് ബോാള്‍ട്ടന്റെ പുറത്താക്കലിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ട്ം. ഉത്തരകൊറിയ, അഫ്ഗാനിസ്ഥാന്‍ വിഷയങ്ങളില്‍ ട്രംപും ബോള്‍ട്ടനും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ഭിന്നത രൂക്ഷമായതോടെ പ്രധാന യോഗങ്ങളിലൊന്നും ബോള്‍ട്ടന്‍ പങ്കെടുത്തിരുന്നുമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ട്രംപിനു കീഴില്‍ സ്വന്തം തീരുമാനങ്ങളുമായാണ് ബോള്‍ട്ടന്‍ മുന്നോട്ടുപോയത്.

ട്രംപിനു കീഴില്‍ സ്ഥാനം നഷ്ടമാകുന്ന മൂന്നാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ബോള്‍ട്ടന്‍. ട്രംപിനു കീഴില്‍ ആദ്യ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൈക്കല്‍ ഫ്‌ലിന്‍ ചുമതലയേറ്റ് 24-ാം ദിവസം രാജിവച്ചിരുന്നു. പിന്നാലെ ഒരാഴ്ചത്തേക്ക് കീത്ത് കെല്ലോഗ് താല്‍ക്കാലിക ചുമതല വഹിച്ചു. പിന്നീട് മുഴുവന്‍ സമയ ചുതലയുമായി പദവിയേറ്റെടുത്ത എച്ച്.ആര്‍. മക്മാസ്റ്ററെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സമാനമായ രീതിയില്‍ ട്രംപ് പുറത്താക്കി. 412 ദിവസമാണ് അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിച്ചത്.ഇതിനു പിന്നാലെ കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് ബോള്‍ട്ടന്‍ ചുമതലയേറ്റത്.

മുന്‍ യുഎന്‍ അംബാസഡറും വിദേശനയത്തില്‍ തീവ്ര നിലപാടുകാരനായ റിപ്പബ്ലിക്കന്‍ നേതാവാണ് ബോള്‍ട്ടന്‍. തലേന്നു തന്നെ പ്രസിഡന്റിനു താന്‍ രാജിക്കത്ത് നല്‍കിയതാണെന്ന്, പുറത്താക്കല്‍ വാര്‍ത്തയോട് ബോള്‍ട്ടന്‍ പ്രതികരിച്ചു. 'ഇതേക്കുറിച്ച് നാളെ സംസാരിക്കാം' എന്നുപറഞ്ഞ് അദ്ദേഹം മടക്കിയയച്ചെന്നും ബൊള്‍ട്ടന്‍ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com