പാകിസ്ഥാന് കനത്ത തിരിച്ചടി; കശ്മീർ വിഷയത്തിൽ ഒരു രാജ്യത്തിന്റേയും പിന്തുണയില്ല

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ പ്രമേയം അവതരിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി
പാകിസ്ഥാന് കനത്ത തിരിച്ചടി; കശ്മീർ വിഷയത്തിൽ ഒരു രാജ്യത്തിന്റേയും പിന്തുണയില്ല

ജനീവ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ പ്രമേയം അവതരിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. പ്രമേയത്തെ ഒരു രാജ്യവും പിന്തുണ നല്‍കാത്തത് അവര്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. 50ലധികം രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അവകാശവാദം. പ്രമേയം നല്‍കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.

പ്രമേയം അവതരിപ്പിക്കുന്നതിന് 16 രാജ്യങ്ങളുടെ പിന്തുണയെങ്കിലും കുറഞ്ഞത് വേണം. പാസാക്കുന്നതിന് കുറഞ്ഞത് 24 രാജ്യങ്ങളുടെ പിന്തുണയും ആവശ്യമായിരുന്നു. 

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന് സമര്‍പ്പിച്ച പ്രസ്താവയില്‍ തങ്ങള്‍ക്ക് 50 രാജ്യങ്ങള്‍ പിന്തുണ നല്‍കുന്നുണ്ടെന്നായിരുന്നു പാകിസ്ഥാന്‍ പറഞ്ഞത്. പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഈ പ്രസ്താവന പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളാണ് പിന്തുണ നല്‍കുന്നതെന്ന് വെളിപ്പെടുത്താന്‍ പാക് വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല. 

നേരത്തെ ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും വ്യത്യസ്ത നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ചൈന ഒഴികെ ഒരു രാജ്യവും ഇതുവരെ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ പിന്തുണ നേടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com