ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ നീലച്ചിത്ര നടിക്ക് 3.15 കോടി നഷ്ടപരിഹാരം

നിശാക്ലബ്ബിലെ ഡാന്‍സിനിടെ കാണികളിലൊരാളെ ദേഹത്തു തൊടാന്‍ അനുവദിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്
ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ നീലച്ചിത്ര നടിക്ക് 3.15 കോടി നഷ്ടപരിഹാരം

വാഷിങ്ടന്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നതായി അവകാശപ്പെട്ട നീലച്ചിത്ര നടി സ്‌റ്റോമി ഡാനിയല്‍സിന് നാലര ലക്ഷം ഡോളര്‍ ( 3.15 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. കഴിഞ്ഞവര്‍ഷം ഒഹായോയിലെ കൊളംബസ് നഗരത്തില്‍ നിശാക്ലബ്ബിലെ ഡാന്‍സിനിടെ കാണികളിലൊരാളെ ദേഹത്തു തൊടാന്‍ അനുവദിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്റെ പൗരാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി സ്‌റ്റോമി നല്‍കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാര വിധിയുണ്ടായത്. സിറന്‍സ് സ്ട്രിപ്പ് ക്ലബ്ബില്‍ സ്ട്രിപ്പറായി ജോലി ചെയ്യുകയായിരുന്നു സ്‌റ്റോമി. ക്ലബ്ബില്‍ അര്‍ധനഗ്നയായി ഡാന്‍സ് ചെയ്യുന്നതിനിടെ, പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സ്‌റ്റോമിയുടെ അഭിഭാഷകന്‍ ആരോപിച്ചു. 

എന്നാല്‍ ക്ലബ്ബിലുണ്ടായിരുന്ന ഡിറ്റക്ടീവുകളില്‍ ഒരാളെ സ്റ്റോമി പ്രകോപിപ്പിച്ചെന്നാണ് പൊലീസിന്റെ വാദം. അറസ്റ്റ് വിവാദമായതോടെ 24 മണിക്കൂറിനുള്ളില്‍ നടിയെ വിട്ടയച്ചിരുന്നു. ട്രംപുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന നടിയാണ് സ്റ്റോമി ഡാനിയല്‍സ്. 2006 ല്‍ ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപുമായി ബന്ധം പുലര്‍ത്തിയെന്നായിരുന്നുസ്റ്റോമിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ ട്രംപ് തനിക്ക് പണം തന്നിരുന്നതായും നടി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com