അയല്‍ക്കാരെ കൈവിടില്ല; മാലദ്വീപിന് 6.2 ടണ്‍ അവശ്യ വസ്തുക്കള്‍ എത്തിച്ച് വ്യോമസേനയുടെ ഓപ്പറേഷന്‍ സഞ്ജീവനി

കൊറോണ വ്യാപനം തടയാന്‍ മാലദ്വീപിന് കൈത്താങ്ങുമായി വീണ്ടും ഇന്ത്യ.
അയല്‍ക്കാരെ കൈവിടില്ല; മാലദ്വീപിന് 6.2 ടണ്‍ അവശ്യ വസ്തുക്കള്‍ എത്തിച്ച് വ്യോമസേനയുടെ ഓപ്പറേഷന്‍ സഞ്ജീവനി

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയാന്‍ മാലദ്വീപിന് കൈത്താങ്ങുമായി വീണ്ടും ഇന്ത്യ. അടിയന്തര പ്രാധാന്യമുള്ള അവശ്യമരുന്നുകളും ആശുപത്രിയിലേക്കാവശ്യമുള്ള സാധനങ്ങളുമടങ്ങുന്ന 6.2 ടണ്‍ അവശ്യവസ്തുക്കള്‍ വ്യോമസേന മാലദ്വീപിലെത്തിച്ചു. വ്യോമസേനയുടെ ചരക്ക് വിമാനമായ സി 130ലാണ് ഇവ എത്തിച്ചത്.

കോവിഡ്19 പടരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്കുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായിരുന്നു. ആരോഗ്യരക്ഷക്കുള്ള മരുന്നുകള്‍ അടക്കമുള്ളവ ഇന്ത്യയിലെ എട്ട് വിതരണക്കാരില്‍ നിന്നാണ് മാലദ്വീപ് വാങ്ങിയിരുന്നത്. ലോക്ക്ഡൗണിനെതുടര്‍ന്ന് ഇവര്‍ക്ക് നേരിട്ട് കയറ്റുമതി ചെയ്‌യാന്‍ സാധിക്കാതെ വന്നു. ഇതേതുടര്‍ന്നാണ് വ്യോമസേന സഹായവുമായെത്തിയത്.

ഓപ്പറേഷന്‍ സഞ്ജീവനി എന്നാണ് ഈ ദൗത്യത്തിന് വ്യോമസേന നല്‍കിയിരിക്കുന്ന പേര്. കരസേനയുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയത്. ഡല്‍ഹി, മുംബൈ, ചെന്നൈ, മധുര തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇത്രയും സാധനങ്ങള്‍ മാലദ്വീപിലേക്ക് കൊണ്ടുപോയത്.

വാക്‌സിനുകള്‍, ഇന്ത്യയില്‍ കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലോപിനാവിര്‍, റിടോനാവിര്‍ തുടങ്ങിയ ആന്റി വൈറല്‍ മരുന്നുകള്‍, കത്തീറ്ററുകള്‍, നെബുലൈസര്‍, യൂറിന്‍ ബാഗുകള്‍, ഇന്‍ഫന്റ് ഫീഡിങ് ട്യൂബ്, ഹൃദ്രോഗം, ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം, വൃക്ക രോഗങ്ങള്‍, പ്രമേഹം, അലര്‍ജികള്‍, കാന്‍സര്‍, സന്ധിവാതം എന്നിവക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങിയവയാണ് മാലദ്വീപിലേക്ക് എത്തിച്ച് നല്‍കിയത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം 5.5 ടണ്‍ അവശ്യ സാധനങ്ങള്‍ മാലദ്വീപിന് സമ്മാനിച്ചിരുന്നു. ഇതിന് പുറമെ 14 അംഗ വിദഗ്ധ സംഘത്തെയും സഹായത്തിനായി ഇന്ത്യ അയച്ചിരുന്നു. ഇതിനൊക്കെ പുറമെയാണ് പുതിയ സഹായം.

നേരത്തെ ഇന്ത്യ രണ്ട് ഹെലികോപ്റ്ററുകള്‍ മാലദ്വീപിന് നല്‍കിയിരുന്നു. ഇവയുപയോഗിച്ചാണ് ഇപ്പോള്‍ ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com