പാകിസ്ഥാനില്‍ പ്രാര്‍ത്ഥനയ്ക്ക് നിരോധനം, നിരീക്ഷിക്കാന്‍ എത്തിയ പൊലീസിനെ ഓടിച്ചിട്ട് ആക്രമിച്ച് ആള്‍ക്കൂട്ടം, കല്ലേറ് (വീഡിയോ)

കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനിടെ, പാകിസ്ഥാനില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
പാകിസ്ഥാനില്‍ പ്രാര്‍ത്ഥനയ്ക്ക് നിരോധനം, നിരീക്ഷിക്കാന്‍ എത്തിയ പൊലീസിനെ ഓടിച്ചിട്ട് ആക്രമിച്ച് ആള്‍ക്കൂട്ടം, കല്ലേറ് (വീഡിയോ)

കറാച്ചി:  കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനിടെ, പാകിസ്ഥാനില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. വെളളിയാഴ്ച പ്രാര്‍ത്ഥന ഉള്‍പ്പെടെ ആള്‍ക്കൂട്ടം തടിച്ചുകൂടാന്‍ സാധ്യതയുളള ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം നടപ്പാക്കാന്‍ എത്തിയ പൊലീസുകാരെ നാട്ടുകാര്‍ ആക്രമിച്ചു. അക്രമാസക്തരായ നാട്ടുകാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനം ഓടിച്ചുപോകുന്ന പൊലീസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പാകിസ്ഥാനിലെ കറാച്ചിയിലെ ലിയാഖത്ത്ബാദ് മേഖലയിലാണ് സംഭവം. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ, പാകിസ്ഥാനിലും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെളളിയാഴ്ച പ്രാര്‍ത്ഥന ഉള്‍പ്പെടെ ആളുകള്‍ തടിച്ചുകൂടാന്‍ സാധ്യതയുളള ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്.ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് നാട്ടുകാരുടെ ആക്രമണം. അക്രമാസക്തരായ ജനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തില്‍ പൊലീസുകാര്‍ രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഓടുന്ന വാഹനത്തെ ലക്ഷ്യമാക്കി ആള്‍ക്കൂട്ടം ഓടുന്നതും കല്ലേറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണ്‍ ലംഘിച്ചതിനും പൊലീസുകാര്‍ക്ക് നേരെയുളള കയ്യേറ്റത്തിനുമാണ് നടപടി. പാകിസ്ഥാനില്‍ 2637 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 40 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com