ഈ ആഴ്ച ഏറെ ദുഷ്‌കരം; നിരവധി മരണങ്ങള്‍ സംഭവിച്ചേക്കാമെന്ന് ട്രംപ്; ഇന്ത്യയുടെ സഹായം തേടി 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേ, ഇത് ഏറ്റവും ദുഷ്‌കരമായ ആഴ്ചയായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്
ഈ ആഴ്ച ഏറെ ദുഷ്‌കരം; നിരവധി മരണങ്ങള്‍ സംഭവിച്ചേക്കാമെന്ന് ട്രംപ്; ഇന്ത്യയുടെ സഹായം തേടി 

ന്യൂയോര്‍ക്ക്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേ, ഇത് ഏറ്റവും ദുഷ്‌കരമായ ആഴ്ചയായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. നിരവധി മരണങ്ങള്‍ സംഭവിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കവിയുകയും മരണസംഖ്യ എണ്ണായിരം കടക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍. രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിക്കുമ്പോഴും എല്ലായ്‌പ്പോഴും രാജ്യം അടച്ചിടാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രോഗ ശമനം സംഭവിക്കും. പക്ഷേ കോവിഡിന്റെ പേരില്‍ രാജ്യത്തെ വീണ്ടും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. തുടക്കം മുതല്‍ താന്‍ പറയുന്ന ഒരു കാര്യമുണ്ട്. യഥാര്‍ത്ഥ പ്രശ്‌നത്തേക്കാള്‍ മോശമാകില്ല അസുഖം ഭേദമാകുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചേക്കാം. ഈ വിഷമസന്ധിയെ അമേരിക്കന്‍ ജനത അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദിവസങ്ങള്‍ക്ക് മുന്‍പ് മരണസംഖ്യ ഒരു ലക്ഷമായി ചുരുക്കാന്‍ സാധിച്ചാല്‍ തന്നെ വലിയ കാര്യമാണെന്ന് ട്രംപ് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

അതിനിടെ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു. കോവിഡ് ചികിത്സയ്ക്കായി മലേറിയ മരുന്നുകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ട്രംപ് അഭ്യര്‍ത്ഥിച്ചു.  മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ അഭ്യര്‍ത്ഥന.

കോവിഡ് മരണസംഖ്യയില്‍ ഇറ്റലിക്കും സ്‌പെയിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് അമേരിക്ക. ഇറ്റലിയില്‍ 15000ത്തിലധികം പേരാണ് ഈ മഹാമാരിയില്‍ മരിച്ചത്. സ്‌പെയിനില്‍ മരണസംഖ്യ 11000 കടന്നു. ലോകമൊട്ടാകെ 12ലക്ഷം പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 64000 കടന്നിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com