ചൈനയില്‍ കൊറോണയുടെ രണ്ടാം തരംഗം ?; രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം പെരുകുന്നു, ദീര്‍ഘകാലം അടച്ചിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ലക്ഷണങ്ങളില്ലാതെ രോഗം വരുന്നവര്‍ രോഗബാധയുടെ അപൂര്‍വ ക്ലസ്റ്റര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്
ചൈനയില്‍ കൊറോണയുടെ രണ്ടാം തരംഗം ?; രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം പെരുകുന്നു, ദീര്‍ഘകാലം അടച്ചിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ബീജിങ് : ചൈനയില്‍ പുതുതായി 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. പ്രകടമായ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത 30 പേരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച 39 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുതുതായി രോഗം കണ്ടെത്തിയവരില്‍ ബഹുഭൂരിപക്ഷവും വിദേശത്തുനിന്ന് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച പലര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 

കൊറോണ വൈറസ് ബാധയുടെ രണ്ടാം തരംഗമാണ് വീശുന്നതെന്ന ആശങ്കയാണ് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നോട്ടുവെക്കുന്നത്. രണ്ടാംഘട്ടത്തില്‍ പുതുതായി രോഗം കണ്ടെത്തിയവരുടെ എണ്ണം 951 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതരാണ് മിക്കവരും എന്നതാണ് ആരോഗ്യപ്രവര്‍ത്തകരെ കുഴയ്ക്കുന്നത്. ലക്ഷണങ്ങളൊന്നുമില്ലാത്ത 78 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 40 എണ്ണം വിദേശത്തുനിന്നു വന്നവര്‍ക്കാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ദീര്‍ഘകാലം ചൈനീസ് തലസ്ഥാനമായ ബീജിങ് അടച്ചിടേണ്ടിവരുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വ്യവസായിക പ്രദേശമായ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണ് പുതിയ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച അഞ്ച് പ്രാദേശിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നു രണ്ടുമാസത്തോളം പ്രവര്‍ത്തനരഹിതമായിരുന്ന വ്യവസായങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇവിടെ രോഗം ബാധിച്ചയാള്‍ ഹുബെ പ്രവിശ്യയിലേക്കു യാത്ര ചെയ്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ രാജ്യത്തെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയയ്ക്കുകയാണ് ചൈനയിപ്പോള്‍. ഇതുവഴിയെത്തുന്നവര്‍ക്കാണ് ഇപ്പോള്‍ കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. രാജ്യത്ത് ആകെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത 1047 പേര്‍ കോവിഡ് രോഗത്തിന് ചികിത്സയിലുണ്ട്. ലക്ഷണങ്ങളില്ലാതെ രോഗം വരുന്നവര്‍ രോഗബാധയുടെ അപൂര്‍വ ക്ലസ്റ്റര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ആകെ 81,708 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,331 പേര്‍ ഇതുവരെ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com