76 ദിവസത്തെ 'കറുത്ത നാളുകള്‍'ക്ക് അന്ത്യം ; ലോക്ക്ഡൗൺ അവസാനിപ്പിച്ച് വുഹാന്‍ തുറന്നു ; ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

വുഹാനില്‍ 76 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ആണ് പൂര്‍ണമായും അവസാനിപ്പിക്കുന്നത്
76 ദിവസത്തെ 'കറുത്ത നാളുകള്‍'ക്ക് അന്ത്യം ; ലോക്ക്ഡൗൺ അവസാനിപ്പിച്ച് വുഹാന്‍ തുറന്നു ; ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു


ബീജിങ് : ലോകത്തെ ഭീതിയിലാക്കി പടര്‍ന്നുപിടിക്കുന്ന കോവിഡ് മഹാമാരിയുടെ ഉത്ഭവകേന്ദ്രമെന്ന നിലയില്‍ കുപ്രസിദ്ധി നേടിയ ചൈനയിലെ വുഹാന്‍ സാധാരണ നിലയിലേക്ക്. വുഹാന്‍ നഗരം തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ട്രെയിന്‍, പൊതുഗതാഗതം അടക്കം ഇന്നുമുതല്‍ പുനരാരംഭിക്കാനാണ് തീരുമാനിച്ചത്. 

വുഹാനില്‍ 76 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ആണ് പൂര്‍ണമായും അവസാനിപ്പിക്കുന്നത്. നഗരത്തില്‍ കൊറോണാ ഭീഷണി കുറഞ്ഞുവെങ്കിലും മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വുഹാനില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച് പ്രാദേശികാതിര്‍ത്തികള്‍ തുറന്നെങ്കിലും ചുരുക്കം ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.

അനിയന്ത്രിതമായി വ്യാപിച്ച കൊറോണ വൈറസ് വുഹാനില്‍ 50,000 ലധികം പേര്‍ക്കാണ് ബാധിച്ചത്. 2500 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ചൈനയിലെ കൊറോണമരണങ്ങളില്‍ 77 ശതമാനവും വുഹാനിലാണ് സംഭവിച്ചത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടച്ചിട്ടു. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നില്ല. ആരോഗ്യപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും സമഗ്ര ഇടപെടലിനെയും കടുത്ത നിയന്ത്രണങ്ങളെയും തുടര്‍ന്നാണ് രോഗമുക്തി നേടി വുഹാന്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുന്നത്. 1.1 കോടി ജനസംഖ്യയുള്ള ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് രണ്ടുകേസുകള്‍ മാത്രമാണ്. 

വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23 മുതലാണ് ഹ്യുബെ തലസ്ഥാനമായ വുഹാനില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 2019 ഡിസംബറിലായിരുന്നു വുഹാനില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ട്രെയിന്‍, വിമാനസര്‍വീസുകള്‍ ബുധനാഴ്ച പുനരാരംഭിക്കുന്നതോടെ വുഹാനില്‍ ഗതാഗതം സാധാരണ നിലയിലാവും. 55,000 ത്തോളം യാത്രക്കാര്‍ ഇന്ന് വുഹാനില്‍ യാത്രക്കെത്താനുള്ള സാധ്യതയുണ്ടെന്ന് വുഹാന്‍ റെയില്‍വെ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ശതമാനത്തോളം താഴ്ന്നതിനെ തുടര്‍ന്ന് ഗതാഗതനിയന്ത്രണം ഉള്‍പ്പെടെയുള്ളവയില്‍ ഇളവ് വരുത്തിയിരുന്നു. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ നഗരത്തിലെ സാമ്പത്തിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്ന് പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പുദ്യോഗസ്ഥനായ  ലുവോ പിങ്  പറഞ്ഞു. തുടര്‍ന്നും ഉണ്ടാകാനിടയുള്ള രോഗസംക്രമങ്ങള്‍ക്കെതിയെയുള്ള പ്രതിരോധനടപടികള്‍ ആരംഭിച്ചതായും പിങ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com