കോവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു, മരണം 70 ആയി ; ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങള്‍

രോഗബാധിതരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ് എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്
കോവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു, മരണം 70 ആയി ; ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങള്‍

ദുബായ്: കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഗള്‍ഫ് നാടുകളിലും വര്‍ധിക്കുകയാണ്. രോഗബാധിതരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ് എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി രോഗം ബാധിച്ചവരുടെ എണ്ണം 11,000 കടന്നു. എഴുപതുപേരാണ് മരിച്ചത്. ഇതില്‍ 44 മരണവും സൗദി അറേബ്യയിലാണ്. 

യു.എ.ഇ.യില്‍ 12 പേരും, ഖത്തറില്‍ ആറ്, ബഹ്‌റൈനില്‍ അഞ്ച്, ഒമാനില്‍ രണ്ട്, കുവൈത്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണം. സൗദിയിലും യു.എ.ഇ.യിലും ഓരോ മലയാളികള്‍ മരിച്ചു. കുവൈറ്റില്‍ രോഗം സ്ഥിരീകരിച്ച 910 പേരില്‍ 479 പേരും ഇന്ത്യക്കാരാണ്. ഇതിനകം 1800 പേര്‍ വിവിധ രാജ്യങ്ങളിലായി സുഖം പ്രാപിച്ചിട്ടുണ്ട്. 

കുവൈറ്റില്‍ ഇന്ത്യന്‍ വംശജര്‍ കൂടുതലുള്ള കേന്ദ്രങ്ങളിലാണ് കൂടുതല്‍ രോഗവ്യാപനം. സൗദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിലെത്താനാണ് സാധ്യതയെന്ന് സൗദി ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പ് നല്‍കുന്നു. മലയാളികള്‍ ഏറെയുള്ള ദുബായിലെ ദേര മേഖലയില്‍ ഓരോ കെട്ടിടവും കേന്ദ്രീകരിച്ച് താമസക്കാരുടെ ആരോഗ്യപരിശോധന തുടരുകയാണ്. യുഎഇയില്‍ രോഗബാധിതരായവരില്‍ ഏറെയും  22നും 44നും ഇടയില്‍ പ്രായമുള്ളവരാണ് . 

എല്ലാ രാജ്യങ്ങളും വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ചില രാജ്യങ്ങളില്‍ കര്‍ഫ്യൂവിന് സമാനമായ നടപടികളുണ്ട്. യു.എ.ഇ. ഈമാസം 18 വരെ ദേശീയ അണുനശീകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായില്‍ പകല്‍പോലും പുറത്തിറങ്ങാനോ വാഹനം ഇറക്കാനോ മുന്‍കൂട്ടി അനുമതിവേണം.  വാണിജ്യ, തൊഴില്‍ മേഖലകളെല്ലാം മിക്കയിടത്തും നിശ്ചലമാണ്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മെട്രോ, ട്രാം സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com