കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ചു, 30 തവണ കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു ; ലൈംഗിക പീഡനത്തില്‍ സഹികെട്ട് പിതാവിനെ പെണ്‍മക്കള്‍ കൊന്ന കേസില്‍ വിചാരണ

ഉറങ്ങിക്കിടന്ന മിഖായേലിനെ കത്തിയും ചുറ്റികയും കൊണ്ട് ആക്രമിച്ചു. കണ്ണില്‍ കുരുമുളക് സ്‌പ്രേ ചെയ്ത ശേഷമായിരുന്നു ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മോസ്‌കോ : ലൈംഗിക പീഡനത്തില്‍ മനംമടുത്ത് പിതാവിനെ മൂന്നുസഹോദരിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു. മോസ്‌കോ കോടതിയിലാണ് വിചാരണ തുടങ്ങിയത്. മൂത്ത സഹോദരിമാരായ ക്രിസ്റ്റീന (19), ആഞ്ചലീന (18) എന്നിവരെ ഒരുമിച്ചും കൊലപാതക സമയത്ത് പ്രായപൂര്‍ത്തി ആയിട്ടില്ലാതിരുന്ന ഇളയ സഹോദരി മരിയയെ (17) പിന്നീടുമാകും വിചാരണ ചെയ്യുകയെന്ന് അഭിഭാഷകര്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പാണ് റഷ്യയെ ഞെട്ടിപ്പിച്ച സംഭവമുണ്ടായത്. വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെ സഹികെട്ട് മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികരിക്കുക അല്ലെങ്കില്‍ പിതാവിന്റെ കൈകൊണ്ടു മരിക്കുക എന്നീ രണ്ടു മാര്‍ഗങ്ങള്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് മുന്നിലുണ്ടായിരുന്നതെന്ന് അഭിഭാഷകര്‍ വാദിച്ചു. 

2018 ജൂലൈ 27നാണ് മോസ്‌കോയിലെ ഫ്‌ലാറ്റിന്റെ സ്‌റ്റെയര്‍കെയ്‌സില്‍ മിഖായേല്‍ ഖച്ചതുര്യാന്റെ മൃതദേഹം കണ്ടെത്തിയത്.നെഞ്ചിലും കഴുത്തിലും പലതവണ കുത്തേറ്റ പാടുകളുണ്ടായിരുന്നു. ഉറങ്ങിക്കിടന്ന മിഖായേലിനെ കത്തിയും ചുറ്റികയും കൊണ്ട് ആക്രമിച്ചു. കണ്ണില്‍ കുരുമുളക് സ്‌പ്രേ ചെയ്ത ശേഷമായിരുന്നു ആക്രമണം. പിതാവാണ് ആദ്യം ആക്രമിച്ചതെന്നു വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. പിറ്റേന്ന് അറസ്റ്റിലായതോടെ സഹോദരിമാര്‍ കുറ്റം ഏറ്റുപറഞ്ഞു.

30 ഓളം തവണ കത്തി കൊണ്ട് അയാളെ കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു. ശരീരത്തില്‍ കുരുമുളക് സ്‌പ്രേ തളിച്ചു. അയാള്‍ പിടഞ്ഞു മരിക്കുന്നത് നോക്കിനിന്നു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ പൊലീസില്‍ വിളിച്ച് മരണം അറിയിക്കുകയായിരുന്നു. 2014 മുതല്‍ ഇയാള്‍ പെണ്‍മക്കളെ വീട്ടില്‍ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു. വീട്ടുജോലികളില്‍ വീഴ്ച വരുത്തിയാല്‍ അതിക്രൂരമായി മര്‍ദിക്കും. കുരുമുളക് സ്‌പ്രേ മുഖത്തും ശരീരത്തിലും അടിക്കും. സംഭവം നടന്ന അന്നും മിഖായേല്‍ പെണ്‍മക്കളെ ഉപദ്രവിച്ചിരുന്നു. ക്രൂര പീഡനങ്ങള്‍ക്കു വിധേയരായ ഇവരുടെ മനോനിലയില്‍ സാരമായ തകരാര്‍ സംഭവിച്ചതായി പെണ്‍കുട്ടികളുടെ അഭിഭാഷകര്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com