'കാറ് വില്‍ക്കാന്‍ നായ'- ഹ്യുണ്ടായിയുടെ സെയില്‍സ് ഡോഗ് വൈറല്‍

'കാറ് വില്‍ക്കാന്‍ നായ'- ഹ്യുണ്ടായിയുടെ സെയില്‍സ് ഡോഗ് വൈറല്‍
'കാറ് വില്‍ക്കാന്‍ നായ'- ഹ്യുണ്ടായിയുടെ സെയില്‍സ് ഡോഗ് വൈറല്‍

പുതിയ കാര്‍ വാങ്ങാനായി ഷോറൂമില്‍ പോകുന്ന നിങ്ങളുടെ മുന്‍പിലേക്ക് സെയില്‍സ്മാന്റെ ടാഗും കഴുത്തില്‍ തൂക്കി ഒരു നായ വന്നു നിന്നാലോ. ഇതൊരു സാങ്കല്‍പ്പിക ചിന്തയാണെന്ന് എഴുതി തള്ളാന്‍ വരട്ടെ. അങ്ങനെയൊരു കാര്യം യഥാര്‍ത്ഥത്തിലുണ്ട്. ഇവിടെയല്ല അങ്ങ് ബ്രസീലില്‍. കക്ഷിയുടെ ജോലിക്കാര്യം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

ഹ്യുണ്ടായ് കാറിന്റെ ബ്രസീലിലുള്ള ഷോറൂമില്‍ സെയില്‍സ് മാനായി ഒരു നായയും ജോലി ചെയ്യുന്നുണ്ട്. പേര് ട്യൂസണ്‍ പ്രൈം. ഫോട്ടോയോട് കൂടിയ തിരിച്ചറിയല്‍ കാര്‍ഡ് വരെയുള്ള ഹ്യുണ്ടായിയുടെ ഔദ്യോഗിക ജോലിക്കാരനാണ് ട്യൂസണ്‍. 

നേരത്തെ തെരുവില്‍ അലഞ്ഞു നടന്നിരുന്ന ട്യൂസണ്‍ ഹ്യുണ്ടായ് ഷോറൂമിലെ ജീവനക്കാരുമായി ചങ്ങാത്തത്തിലായി ക്രമേണ ക്രമേണയാണ് അവിടുത്തെ ജോലിക്കാരനായി മാറിയത്. ബ്രസീലിലെ എസ്പിരിറ്റോ സാന്റോയിലുള്ള ഹ്യുണ്ടായ് ഷോറൂമില്‍ പോയി കഴിഞ്ഞാല്‍ ജോലിക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡും കഴുത്തില്‍ തൂക്കി ഇരിക്കുന്ന ട്യൂസണെ കാണാം. 

രണ്ട് ദിവസം മുന്‍പാണ് കമ്പനി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ട്യൂസണെ പരിചയപ്പെടുത്തിയത്. 'ഹ്യുണ്ടായിയുടെ പുതിയ സെയില്‍സ് ഡോഗ് ട്യൂസണ്‍ പ്രൈമിനെ പരിചയപ്പെടുത്തുന്നു. ഒരു വയസ് പ്രായമുള്ള ട്യൂസണെ ഹ്യുണ്ടായ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവന്‍ സഹ പ്രവര്‍ത്തകരേയും ഉപഭോക്തക്കളേയും ഇപ്പോള്‍ തന്നെ കൈയിലെടുത്തു കഴിഞ്ഞു'- കമ്പനി കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com