കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിൻ നാളെ പുറത്തിറക്കും; പരീക്ഷണം പൂർത്തിയാക്കാത്തതിൽ ആശങ്ക, വിമർശനം ശക്തം

ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്
കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിൻ നാളെ പുറത്തിറക്കും; പരീക്ഷണം പൂർത്തിയാക്കാത്തതിൽ ആശങ്ക, വിമർശനം ശക്തം

കോവിഡിനെതിരെ ഫലപ്രദമെന്ന് അവകാശപ്പെട്ട് റഷ്യ വികസിപ്പിച്ച വാക്സിൻ നാളെ പുറത്തിറക്കും. ഗമേലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് നാളെ പുറത്തിറക്കുന്നത്. കോവിഡ്-19 പ്രതിരോധവാക്സിൻ തയ്യാറായതായും ഓ​ഗസ്റ്റ് 12ന് രജിസ്റ്റർ ചെയ്യുമെന്നും റഷ്യൻ ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിഡ്‌നെവ് ആണ് അറിയിച്ചത്. അതേസമയം ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാതെ വാക്സിൻ ലഭ്യമാക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.

അഡിനോവൈറസ് ആസ്പദമാക്കി നിർമിച്ച നിർജീവ പദാർഥങ്ങൾ ഉപയോഗിച്ചാണ് വാക്സിൻ തയ്യാറാക്കിയിട്ടുള്ളത്. വാക്സിൻ ഉപയോഗിച്ച് രാജ്യത്ത് എല്ലാവരെയും കോവിഡിനെതിരെ വാക്സിനേറ്റ് ചെയ്യാനാണ് പദ്ധതിയെന്നാണ് റഷ്യൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യൻ സർക്കാർ. ഇതിനു പിന്നാലെ വാക്സിൻ്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്സിനേഷൻ ക്യാംപയിനിലൂടെ ജനങ്ങൾക്കെല്ലാം വാക്സിൻ ലഭ്യമാക്കാനാണ് പദ്ധതി.

വാക്സിൻ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വർധിക്കുമ്പോൾ ചിലർക്ക് പനിയുണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാൽ അത് പാരസെറ്റമോൾ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ അലക്സാണ്ടർ ഗിൻ്റസ്ബർഗ് പറഞ്ഞു. വാക്സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാൾ തന്നെ സംശയം പ്രകടിപ്പിച്ചു.

ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധൃതിയേക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാവണം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു ലോകാരോഗ്യ സംഘടനയും റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരിക്കെയാണ് നാളെ വാക്സീൻ റജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com