കോവിഡ് പരത്തി; മലേഷ്യയിൽ ഇന്ത്യക്കാരനായ ഹോട്ടലുടമയ്ക്ക് തടവ് ശിക്ഷ

കോവിഡ് പരത്തി; മലേഷ്യയിൽ ഇന്ത്യക്കാരനായ ഹോട്ടലുടമയ്ക്ക് തടവ് ശിക്ഷ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്വലാലംപുർ: കോവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന കുറ്റത്തിന് ഇന്ത്യക്കാരനായ ഹോട്ടലുടമയ്ക്ക് മലേഷ്യയിൽ തടവു ശിക്ഷ. ക്വാറന്റൈൻ ലംഘിക്കുകയും അതുവഴി നിരവധി പേർക്ക് കോവിഡ് ബാധിക്കാൻ ഇടയാക്കുകയും ചെയ്തതിന് അഞ്ചു മാസം തടവാണ് ശിക്ഷ. കേദ സംസ്ഥാനത്ത് സ്വന്തമായി ഭക്ഷണശാല നടത്തുന്ന 57 വയസുള്ള ഇന്ത്യക്കാരനാണ് മലേഷ്യൻ മജിസ്ട്രേറ്റ് കോടതി തടവു ശിക്ഷ വിധിച്ചത്. ഇയാളുടെ പേര് മലേഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്ന് മലേഷ്യയിൽ തിരിച്ചെത്തിയ 57കാരൻ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്ന നിർദ്ദേശം ലംഘിച്ചതിനാൽ നിരവധി പേർക്ക് കോവിഡ് ബാധിക്കാൻ ഇടയായെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. 12,000 മലേഷ്യൻ റിംഗറ്റ് പിഴയൊടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇയാളുടെ ആദ്യ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതോടെ ഇയാൾ ക്വാറന്റൈൻ ലംഘിച്ച് പലതവണ സ്വന്തം റസ്‌റ്റോറന്റിൽ പോയി. രണ്ടാമത്തെ പരിശോധനയിലാണ് ഇയാൾക്ക് രോ​ഗം കണ്ടെത്തിയത്. അപ്പോഴേക്കും ഇയാളുടെ കുടുംബാംഗങ്ങൾക്കും റസ്‌റ്റോറന്റിലെ ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ റെസ്‌റ്റോറന്റിലെത്തിയ നിരവധി പേർക്കും കോവിഡ് ബാധിച്ചിരുന്നു. 45-ഓളം പേർക്ക് ഈ ക്ലസ്റ്ററിൽ നിന്ന് കോവിഡ് ബാധിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതിനെത്തുടർന്ന് മലേഷ്യ മെയ് മാസം മുതൽ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയിരുന്നു. എന്നാൽ, പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സാഹചര്യമുണ്ടായാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിദേശത്തു നിന്ന് എത്തുന്നവർ നിർബന്ധമായും രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്നാണ് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com