റഷ്യൻ കോവിഡ് വാക്സിൻ; എത്തിക്‌സ് കൗൺസിലിൽ നിന്ന് മുതിർന്ന ഡോക്ടർ രാജിവച്ചു

റഷ്യൻ കോവിഡ് വാക്സിൻ; എത്തിക്‌സ് കൗൺസിലിൽ നിന്ന് മുതിർന്ന ഡോക്ടർ രാജിവച്ചു
റഷ്യൻ കോവിഡ് വാക്സിൻ; എത്തിക്‌സ് കൗൺസിലിൽ നിന്ന് മുതിർന്ന ഡോക്ടർ രാജിവച്ചു

മോസ്‌കോ: കോവിഡ് വാക്സിൻ സ്പുട്‌നിക് വിയുടെ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിനു മുമ്പ് രജിസ്‌ട്രേഷനുള്ള നടപടികളുമായി റഷ്യ മുന്നോട്ടു പോയതിനു പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ എത്തിക്‌സ് കൗൺസിലിൽ നിന്ന് മുതിർന്ന ഡോക്ടർ രാജിവച്ചു. പ്രൊഫസർ അലക്‌സാണ്ടർ ചച്ച്‌ലിൻ രാജിവെച്ചതായി മെയിൽ ഓൺലൈനാണ് റിപ്പോർട്ട് ചെയ്തത്. സുരക്ഷ മുൻനിർത്തി വാക്‌സിന്റെ രജിസ്‌ട്രേഷൻ നടപടികൾ ഈ ഘട്ടത്തിൽ തടയണമെന്ന് അദ്ദേഹം വാദിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 

സ്പുട്‌നിക് വി വാക്‌സിനെതിരെ റഷ്യയിൽ നിന്നു തന്നെ വിമർശം ഉയർന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മുതിർന്ന ഡോക്ടറുടെ രാജിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. എത്തിക്‌സ് കൗൺസിലിൽ നിന്ന് രാജിവെക്കാനുള്ള കാരണം ചച്ച്‌ലിൻ വ്യക്തമാക്കിയിട്ടില്ലെന്നാണ് മെയിൽ ഓൺലൈന്റെ റിപ്പോർട്ടിൽ പറയുന്നത്. 

എന്നാൽ രാജിവെക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് നൽകിയ അഭിമുഖത്തിൽ മരുന്നുകൾക്കും വാക്‌സിനുകൾക്കും അനുമതി നൽകുന്നതിനു മുമ്പ് അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനെപ്പറ്റി അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. മനുഷ്യർക്ക് അത് എത്രത്തോളം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ചൊവ്വാഴ്ച അറിയിച്ചിരുന്നു. വാക്‌സിൻ നിർമാണം രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങുമെന്ന പ്രഖ്യാപനം തൊട്ടുപിന്നാലെ റഷ്യൻ ആരോഗ്യ മന്ത്രി നടത്തി.

വാക്‌സിൻ നിർമിക്കാൻ റഷ്യ തിടുക്കം കാട്ടുന്നുവെന്ന വിമർശം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. വാക്‌സിന്റെ കാര്യക്ഷമതയെപ്പറ്റി അഭിപ്രായം പറയാൻതക്ക വിവരങ്ങൾ ലോകാരോഗ്യ സംഘടനയുടെ കൈവശം ഇല്ലെന്ന് ഡബ്ല്യുഎച്ച്ഒ വൃത്തങ്ങളും അഭിപ്രായപ്പെട്ടിരുന്നു. റഷ്യൻ വാക്സിനെ കുറിച്ച് പല ആരോ​ഗ്യ വിദ​ഗ്ധരും സംശയം പ്രകടിപ്പിക്കുന്നതിനിടെയാണ് മുതിർന്ന ഡോക്ടർ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് ഇപ്പോൾ രാജി വച്ചതായുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com