ഗണേശ വിഗ്രഹങ്ങൾ എറിഞ്ഞുടച്ച വിഡിയോ വൈറലായി; 54കാരിക്കെതിരെ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2020 02:14 PM  |  

Last Updated: 17th August 2020 02:14 PM  |   A+A-   |  

ganesha

 

മനാമ: മനാമയിലെ ജുഫെയറിലെ സൂപ്പർമാർക്കറ്റിൽ ഗണപതി വിഗ്രഹങ്ങൾ എറിഞ്ഞുടച്ച 54 കാരിയായ സ്ത്രീക്കെതിരെ ബഹ്‌റൈൻ അധികൃതർ കേസെടുത്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നിയമനടപടിയുണ്ടായത്. വ്യാപാര സ്ഥാപനത്തിന് കേടുപാടുകൾ വരുത്തിയതിനും ഒരു വിഭാഗത്തെയും അവരുടെ ആചാരങ്ങളെയും അപകീർത്തിപ്പെടുത്തിയതിനുമാണ് കേസെടുത്തത്.

സെയിൽസ്മാനോട് യുവതി ആക്രോശിക്കുന്നതും അലമാരയിൽ നിന്ന് വിഗ്രഹങ്ങൾ എടുത്തുയർത്തിതറയിൽ ഇടിച്ചു പൊട്ടിക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ കാണാം.  അറബിയിൽ സംസാരിക്കുന്ന സ്ത്രീ “ഇത് ഒരു മുസ്ലീം രാജ്യമാണ്” എന്ന് പറയുന്നതും വിഡിയോയിലുണ്ട്. ബഹ്‌റൈൻ രാജാവിന്റെ ഉപദേഷ്ടാവ് അഹമ്മദ് അൽ ഖലീഫ സംഭവത്തെ അപലപിച്ചു.

സ്ത്രീയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.