കോവിഡ് പത്തുകോടി ജനങ്ങളെ കൊടുംപട്ടിണിയിലാഴ്ത്തും: ലോകബാങ്ക് 

കോവിഡ് മഹാമാരി രൂക്ഷമായി തുടര്‍ന്നാല്‍ 10 കോടി ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തളളപ്പെടാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി രൂക്ഷമായി തുടര്‍ന്നാല്‍ 10 കോടി ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തളളപ്പെടാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. നേരത്തെ 6 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്നായിരുന്നു ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ 10 കോടി ജനങ്ങളെ വരെ ബാധിക്കാമെന്നാണ് ലോകബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനം കൂടുതല്‍ വഷളായാല്‍ കണക്ക് വീണ്ടും ഉയരാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ദരിദ്ര രാജ്യങ്ങളെയാണ് ഇത് കാര്യമായി ബാധിക്കുക. അതിനാല്‍ വായ്പ തുക കുറച്ചുനല്‍കാന്‍ വായ്പ ദാതാക്കള്‍ തയ്യാറാവണമെന്നും ലോകബാങ്ക് ആവശ്യപ്പെട്ടു. നിലവില്‍ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ദരിദ്ര രാജ്യങ്ങളുടെ വായ്പ തിരിച്ചടവ് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന്  ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറയുന്നു.

വായ്പ പുനഃസംഘടനയ്ക്ക് കൂടുതല്‍ രാജ്യങ്ങള്‍ തയ്യാറാവണം. നിലവില്‍ കടബാധ്യത രൂക്ഷമാണ്. വായ്പ പുനഃസംഘടനയ്ക്ക് തയ്യാറായാല്‍ കൂടുതല്‍ നിക്ഷേപകര്‍ രംഗത്തുവരാന്‍ സഹായകമാകുമെന്നും ഡേവിഡ് മാല്‍പാസ് പറയുന്നു.

നിലവില്‍ ദരിദ്ര ജനവിഭാഗങ്ങളുടെ വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ് വികസിത രാജ്യങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്തവര്‍ഷവും അത്തരത്തിലുളള മൊറട്ടോറിയം പ്രഖ്യാപനം വികസിത രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ലോകബാങ്ക് ആവശ്യപ്പെട്ടു. 

2021 ജൂണോടെ നൂറു രാജ്യങ്ങള്‍ക്ക് 16,000 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കാനാണ് ലോകബാങ്ക് ലക്ഷ്യമിടുന്നത്. നിലവില്‍ 2100 കോടി ഡോളര്‍ ലോകബാങ്ക് നല്‍കി കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com