'നമസ്‌തെ' ലോകം കീഴടക്കുന്നു; പരസ്പരം കൈകൂപ്പി സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റും ജര്‍മന്‍ ചാന്‍സലറും; വീഡിയോ വൈറല്‍

'നമസ്‌തെ' ലോകം കീഴടക്കുന്നു; പരസ്പരം കൈകൂപ്പി സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റും ജര്‍മന്‍ ചാന്‍സലറും; വീഡിയോ വൈറല്‍
'നമസ്‌തെ' ലോകം കീഴടക്കുന്നു; പരസ്പരം കൈകൂപ്പി സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റും ജര്‍മന്‍ ചാന്‍സലറും; വീഡിയോ വൈറല്‍

പാരിസ്: ലോകത്തെ പിടിച്ചുലച്ച് ശമനമില്ലാതെ തുടരുകയാണ് കോവിഡ് 19 മഹാമാരി. കൊറോണ വൈറസ് മനുഷ്യന്റെ ശീലങ്ങളിലും മറ്റും കാര്യമായ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞിട്ടുണ്ട്. ഹസ്തദാനം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതുമൊക്കെ മനുഷ്യര്‍ പസ്പരം കാണുമ്പോള്‍ ചെയ്യുന്ന ഉപചാരങ്ങളാണ്. 

എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള ഉപചാരങ്ങള്‍ക്ക് വിലക്കുണ്ട് മനുഷ്യര്‍ക്കിടയില്‍. കൊറോണ വൈറസ് വരുത്തിയ വലിയ സാംസ്‌കാരികമായ മാറ്റമാണിത്. അത്തരമൊരു വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.  

പരസ്പരം കാണുമ്പോള്‍ നമസ്‌തെ പറയുക എന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. കൊറോണ കാലത്ത് ഈ നമസ്‌തെയ്ക്ക് ആഗോള തലത്തില്‍ വലിയ സ്വീകാര്യതയാണ് കിട്ടുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു. 

വിദേശ രാജ്യങ്ങളിലെ രാഷ്ട്ര തലവന്‍മാര്‍ പരസ്പരം കാണുമ്പോള്‍ ഹസ്തദാനം ചെയ്യുകയോ, ആലിംഗനം ചെയ്യുകയോ ആണ് കോവിഡ് കാലത്തിന് മുന്‍പ് ചെയ്തിരുന്നത്. അവരും പരസ്പരം ഇപ്പോള്‍ നമസ്‌തെ പറയുകയാണ്. 

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും ഹസ്തദാനത്തിന് പകരം ഇന്ത്യന്‍ രീതിയില്‍ നമസ്‌തെ പറയുന്ന വീഡിയോയാണ് ശ്രദ്ധേയമായത്. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് പ്രസിഡന്റിനെ സന്ദര്‍ശിക്കാന്‍ ആദ്യമായി ആഞ്ജല മെര്‍ക്കല്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിയത്. 

മെര്‍ക്കലിനെ സ്വീകരിക്കാനായി എത്തിയ മാക്രോണ്‍ നമസ്‌തെ പറഞ്ഞപ്പോള്‍ മെര്‍ക്കലയും തിരിച്ച് നമസ്‌തെ പറയുന്നതാണ് വീഡിയോയില്‍. ഇരുവരുടേയും നമസ്‌തെ പറഞ്ഞുള്ള സ്വാഗതം ചെയ്യലാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com