ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ട്; ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ; 12 ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും

ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ട്; ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ; 12 ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും
ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ട്; ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ; 12 ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും

ഇസ്‌ലാമാബാദ്: ദാവൂദ് ഇബ്രാഹിമടക്കമുള്ള ഭീകരർക്ക് അഭയം നൽകിയിട്ടുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ. ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു. ദാവൂദിന്റെ കറാച്ചിയിലെ മേൽവിലാസവും പാകിസ്ഥാൻ പുറത്തുവിട്ടിട്ടുണ്ട്. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു നിരവധി കാലമായി പാകിസ്ഥാന്റെ വാദം. 

കറാച്ചിയിലെ ക്ലിഫ്ടണിലെ സൗദി മോസ്കിന് സമീപം വൈറ്റ്ഹൗസ് എന്നാണ് വിലാസം. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതിനെതിരായ യുഎൻ നടപടിയുടെ ഭാഗമായാണ് പാകിസ്ഥാൻ വിലാസം പുറത്തുവിട്ടത്.

ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയീദ്, മസൂദ് അസർ എന്നിവരുടെ ഉൾപ്പെടെ 12 ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാനും പാക്കിസ്ഥാൻ തീരുമാനിച്ചു. നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്തുകൾ കണ്ടുകെട്ടും. ബാങ്ക് ഇടപാടുകളും മരവിപ്പിക്കും. ദാവൂദടക്കമുള്ളവർക്ക് യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 

പാരിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ്) പാകിസ്ഥാനെ 2018ൽ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകര പ്രവർത്തനം നിയന്ത്രിക്കുന്നതിന് 2019 വരെയാണ് സമയം നൽകിയത്. കോവിഡ് വ്യാപനത്തോടെ സമയം നീട്ടി നൽകുകയായിരുന്നു. എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതോടെ രാജ്യാന്തര സാമ്പത്തിക സഹകരണം കുറയും.

എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള പാക്കിസ്ഥാന്റെ അവസാന ശ്രമമാണ് ഇപ്പോഴത്തേത്. ഐഎംഎഫ്, ലോക ബാങ്ക്, എഡിബി, യൂറോപ്യൻ യൂണിയൻ എന്നിവടങ്ങളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കാതെ വന്നതോടെയാണ് ശക്തമായ നടപടിക്ക് പാകിസ്ഥാൻ മുതിർന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനകളായ ലഷ്കറെ ത്വയിബ, ജമാ അത്തുദ്ദ അവ എന്നിവയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് നേതാവ് അസർ, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം എന്നിവർക്കെതിരെ നടപടിയെടുക്കാൻ ഓഗസ്റ്റിൽ തീരുമാനമെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com