ആരോപണങ്ങൾ ഊഹാപോ​ഹം; ട്രംപിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ടിക് ടോക്ക്  

ട്രംപ് ഭരണ കൂടം പാസാക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെയാണ് ടിക് ടോക്ക് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്
ആരോപണങ്ങൾ ഊഹാപോ​ഹം; ട്രംപിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ടിക് ടോക്ക്  

വാഷിങ്ടൺ ഡി സി: സുരക്ഷാ ഭീഷണി ആരോപിച്ച് അമേരിക്കയിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിരോധനമെർപ്പെടുത്താനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ടിക് ടോക്ക് കേസ് കൊടുത്തു. ട്രംപ് ഭരണ കൂടം പാസാക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെയാണ് ടിക് ടോക്ക് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. 

ടിക് ടോക്ക് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന സർക്കാർ ആരോപണത്തെ ടിക് ടോക്ക് നിഷേധിച്ചു. ടിക് ടോക്ക് ആപ്ലിക്കേഷനിൽ ചൈനീസ് സർക്കാർ കൃത്രിമത്വം കാണിക്കുമെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സിക്യൂട്ടീവ് ഉത്തരവ് ടിക് ടോക്കിനെ നിരോധിക്കാൻ ശ്രമിക്കുന്നതെന്ന് പരാതിയിൽ പറഞ്ഞു. തങ്ങളുടെയും ജീവനക്കാരുടേയും അവകാശം സംരക്ഷിക്കാൻ വേറെ വഴിയില്ലെന്നും കേസ് നിസാരമായി കാണുന്നില്ലെന്നും ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് പറഞ്ഞു. 

"ഞങ്ങളുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് എക്‌സിക്യൂട്ടീവ് ഉത്തരവ്. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കുകയും വിനോദം, ബന്ധങ്ങൾ, നിയമാനുസൃതമായ ഉപജീവനം എന്നിവയ്ക്ക് വേണ്ടി ഈ ആപ്പിൽ തിരിയുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ദ്രോഹിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും പകർച്ചാ വ്യാധിയുടെ സമയത്ത്. ഞങ്ങൾക്ക് മറ്റ് മാർ​ഗ്​ഗങ്ങൾ ഇല്ല". 

അമേരിക്കയിൽ ഏതെങ്കിലും രീതിയിലുള്ള വാണിജ്യ ഇടപാടുകൾ നടത്തുന്നത് 45 ദിവസത്തേക്ക് വിലക്കിക്കൊണ്ടാണ് ഓഗസ്റ്റ് ആറിന് ഡൊണാൾഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഓർഡർ പാസാക്കിയത്. ഓഗസ്റ്റ് 14 ന് ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ കൈമാറാൻ 90 ദിവസം സമയം നൽകിക്കൊണ്ടുള്ള ഉത്തരവും ട്രംപ് പുറപ്പെടുവിച്ചു.

ഫെഡറൽ ജീവനക്കാരുടെ വിവരങ്ങൾ ചോർത്താനും കോർപറേറ്റ് ചാരവൃത്തി നടത്താനുമായി ടിക്ക് ടോക്കിനെ ചൈന ഉപയോഗിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏതെങ്കിലും ഒരു അമേരിക്കൻ കമ്പനിക്ക് കൈമാറുകയോ നിരോധനം നേരിടുകയെ ചെയ്യണമെന്നാണ് അമേരിക്കൻ ഭരണകൂടം മുന്നോട്ട് വെച്ചിരിക്കുന്ന നിർദേശം. അതേസമയം ടിക് ടോക്ക് നൽകിയ കേസുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com